വോട്ടുകൊള്ള; കോണ്‍ഗ്രസ് ഫ്രീഡം ലൈറ്റ് നൈറ്റ്മാർച്ച് നടത്തി
1584096
Friday, August 15, 2025 6:18 AM IST
കൽപ്പറ്റ: ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിന് കരുത്തുപകരാൻ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി കൽപ്പറ്റയിൽ നടത്തിയ ഫ്രീഡം ലൈറ്റ് നൈറ്റ്മാർച്ചിൽ നൂറ്കണക്കിന് ആളുകൾ പങ്കെടുത്തു.
വോട്ടുകവർച്ചയിൽ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി, പ്രിയങ്കാഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ച് വോട്ടുമോഷണം നടത്തി അധികാരത്തിലെത്തിയ മോദി സർക്കാർ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസിന്റെ നൈറ്റ് മാർച്ച്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനേകം പ്രവർത്തകരാണ് മാർച്ചിൽ അണിനിരന്നത്.
രാത്രി ഏഴരയോടെ കൽപ്പറ്റ നഗരസഭാ പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് പുതിയ ബസ്സ്റ്റാൻഡ് പരിസരത്താണ് സമാപിച്ചത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ മാർച്ചും പൊതുയോഗവും ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ രാഹുൽഗാന്ധി ഒറ്റക്കല്ലെന്നും ജനകോടികളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനാധിപത്യം ലോകരാജ്യങ്ങൾ പ്രശംസിച്ചതാണ്.
വെടിയുണ്ടയേക്കാൾ ശക്തിയും അധികാരവും ബാലറ്റുപേപ്പറിനുണ്ട്. ജനാധിപത്യത്തിന്റെ പ്രാണവായു നീതിപൂർവമായ തെരഞ്ഞെടുപ്പാണ്. അതിന് കുറ്റമറ്റ വോട്ടർപട്ടിക വേണം. അതിൽ അർഹതയില്ലാത്തവരുടെ പേരുകൾ വരാൻ പാടില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്രയിലും വ്യാപക ക്രമക്കേടാണ് നടന്നത്.
രാഹുൽഗാന്ധി ചോദ്യങ്ങൾ ചോദിക്കുന്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസർക്കാരും ഉത്തരംമുട്ടി നിൽക്കുന്നതാണ് കാണാനായത്. ഇലക്ഷൻ കമ്മീഷൻ നിഷ്പക്ഷമായി റഫറിയായി പ്രവർത്തിക്കണം. തെരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധി ഉന്നയിച്ചത് കേവലമൊരു രാഷ്ട്രീയ വിഷയമല്ല, മറിച്ച് രാജ്യത്തെ ജനങ്ങളുടെയാകെ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. ടി. സിദ്ദിഖ് എംഎൽഎ, പി.കെ. ജയലക്ഷ്മി, കെ.എൽ. പൗലോസ്, പി.പി. ആലി, കെ.ഇ. വിനയൻ, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, ടി.ജെ. ഐസക്, എം.ജി. ബിജു, പി.ഡി. സജി, അഡ്വ.എൻ.കെ. വർഗീസ്, എം. വേണുഗോപാൽ, സംഷാദ് മരക്കാർ, ബിനുതോമസ്,
നിസി അഹമ്മദ്, എടക്കൽ മോഹനൻ, അഡ്വ. രാജേഷ്കുമാർ, കമ്മന മോഹൻ, അമൽ ജോയി, ഗൗതം ഗോകുൽദാസ്, ജിനി തോമസ്, പി.വി. ജോർജ്, ജേക്കബ് സെബാസ്റ്റ്യൻ തുടങ്ങിയ നിരവധി നേതാക്കൾ സംബന്ധിച്ചു.