മഴയിലും ആവേശം ചോരാതെ സ്വാതന്ത്ര്യദിനാഘോഷം
1584277
Sunday, August 17, 2025 5:56 AM IST
ഐക്യവും അഖണ്ഡതയും ഉറപ്പാക്കാൻ ഭരണഘടനാമൂല്യം ഉയർത്തിപ്പിടിക്കണം: മന്ത്രി ഒ.ആർ.കേളു
കൽപ്പറ്റ: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാൻ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും ഓരോ പൗരനും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു. എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ സ്വാതന്ത്ര്യദിന പരേഡിൽ സല്യൂട്ട് സ്വീകരിച്ചശേഷം പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ധീര ദേശാഭിമാനികളുടെ പോരാട്ടത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ഫലമായി ലഭിച്ച സ്വാതന്ത്ര്യത്തിന്റെ മഹത്വം ഓരോ ഇന്ത്യക്കാരനും മനസിലാക്കണം. രാജ്യത്തിന്റെ മുന്നേറ്റത്തിന് വരുംനാളുകളിലും ഐക്യത്തോടെ പ്രവർത്തിക്കണം. സാമ്രാജ്യത്വ ശക്തികൾക്ക് കീഴടങ്ങാതെ സ്വയം പര്യാപ്ത രാഷ്ട്രമായി മാറണം. ചുങ്കത്തിന്റെ മറവിൽ ഇന്ത്യൻ സന്പദ്ഘടനയെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് പരമാധികാരം സംരക്ഷിക്കണം.
ജനങ്ങളിൽ വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും ചിന്തകൾ പടർത്താനുള്ള ശ്രമങ്ങളെ ചെറുക്കണം. സ്വത്രന്ത്ര്യം, ജനാധിപത്യം, പരമാധികാരം, സോഷ്യലിസം, മതനിരപേക്ഷത തുടങ്ങിയ അടിസ്ഥാന ഭരണഘടനാമൂല്യങ്ങളുടെ സംരക്ഷണത്തിനും പരിപോഷണത്തിനും ജനം നിലകൊള്ളണം. പല മേഖലകളിലും കേരളം രാജ്യത്തിന് മാതൃകയാണ്.
രാജ്യംകണ്ട മഹാദുരന്തത്തിൽനിന്നുജില്ലയെ കരകയറ്റാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. ടൗണ്ഷിപ്പ് നിർമാണം ഡിസംബറോടെ പൂർത്തിയാകും. ആസ്പിരേഷണൽ പദ്ധതിയിൽ മികച്ച പ്രകടനമാണ് ജില്ല നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതികൂല കാലാവസ്ഥയിലും പരേഡിൽ അണിനിരന്ന സേനാവിഭാഗങ്ങളെയും വിദ്യാർഥികളെയും അദ്ദേഹം അഭിനന്ദിച്ചു.
എം.എൽഎമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, പദ്മശ്രീ ചെറുവയൽ രാമൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, നഗരസഭാ ചെയർമാൻ ടി.ജെ. ഐസക്, എഡിഎം കെ. ദേവകി, സബ്കളക്ടർ അതുൽ സാഗർ, അസിസ്റ്റന്റ് കളക്ടർ പി.പി. അർച്ചന, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പരേഡിൽ അണിനിരന്നത് 29 പ്ലറ്റൂണുകൾ
പരേഡിൽ വിവിധ സേനാവിഭാഗങ്ങളുടെ 29 പ്ലറ്റൂണുകൾ പങ്കെടുത്തു. പനമരം പോലീസ് ഇൻസ്പെക്ടർ രാംജിത്ത് പി. ഗോപി കമാൻഡറായ പരേഡിൽ പോലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് വിഭാഗം, ലോക്കൽ പോലീസ്, ലോക്കൽ പോലീസ് വനിതാ വിഭാഗം, എക്സൈസ്, വനം, എൻസിസി, എസ്പിസി, സ്കൗട്സ് ആൻഡ് ഗൈഡ്സ്, ജെആർഎസി വിഭാഗങ്ങളുടെ പ്ലറ്റൂണുകൾ പങ്കെടുത്തു.
പരേഡിൽ സേനാ വിഭാഗത്തിൽ ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് വിഭാഗം ഒന്നാം സ്ഥാനം നേടി. വനം വകുപ്പ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. കൽപ്പറ്റ എൻഎംഎസ്എം ഗവ.കോളജ്, തരിയോട് നിർമല ഹൈസ്കൂൾ എന്നിവ എൻസിസി വിഭാഗത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. എസ്പിസി വിഭാഗത്തിൽ കണിയാന്പറ്റ ഗവ. മോഡൽ റസിഡൻഷൽ സ്കൂൾ ഒന്നാം സ്ഥാനവും തരിയോട് നിർമല ഹൈസ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കൽപ്പറ്റ എസ്കഐംജെ സ്കൂൾ, മുട്ടിൽ ഡബ്ല്യുഒവിഎച്ച്എസ് സ്കൂൾ എന്നിവ സ്കൗട് വിഭാഗത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. ഗൈഡ്സിൽ കൽപ്പറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളും എസ്കഐംജെ ഹയർ സെക്കൻഡറി സ്കൂളും വിജയികളായി. എസ്കഐംജെ ഹൈസ്കൂൾ ജെആർസി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. വിജയികൾക്ക് മന്ത്രി ഒ.ആർ. കേളു ട്രോഫി വിതരണം ചെയ്തു.
കണ്ണൂർ ഡിഫൻസ് സർവീസ് കോറിന്റെ നേതൃത്വത്തിൽ ഒന്പതിന് കണ്ണൂരിൽ ആരംഭിച്ച് വടകര, കോഴിക്കോട്, മലപ്പുറം ജില്ലകൾ പിന്നിട്ട് വയനാട്ടിലെത്തിയ സൈക്കിൾ റാലി പരേഡ് ഗ്രൗണ്ടിൽ സമാപിച്ചു. റാലിയിൽ പങ്കെടുത്ത സൈനികർക്കു പ്രശസ്തി പത്രം ലഫ്റ്റനന്റ് കേണൽ ദേവേന്ദ്ര സിംഗിന് മന്ത്രി കൈമാറി.
പരേഡിനുശേഷം ഫാ. ടെസ സ്പെഷൽ സ്കൂൾ, കൃപാലയ സ്പെഷൽ സ്കൂൾ, കണിയാന്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ, കണിയാന്പറ്റ ചിൽഡ്രൻസ് ഹോം എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികൾ കലപരിപാടികൾ അവതരിപ്പിച്ചു.