കല്ലൂർപുഴ കടക്കാൻ കാളിച്ചിറക്കാർക്ക് ഒറ്റത്തടിപ്പാലത്തിലൂടെ അഭ്യാസം നടത്തണം
1584605
Monday, August 18, 2025 6:05 AM IST
സുൽത്താൻ ബത്തേരി: അത്യാവശ്യം ബാലൻസും അഭ്യാസവും അറിയാവുന്നവർക്ക് ഒറ്റത്തടി പാലത്തിലൂടെ പുഴയ്ക്ക് അക്കരയിക്കര കടക്കാം. ബാലൻസ് ഇല്ലാത്തവർക്ക് പുഴയിൽ കിടക്കാം. കാളിച്ചിറ വനഗ്രാമത്തിലേക്ക് എത്തുന്നതിനായി കല്ലൂർ പുഴയ്ക്ക് കുറുകെ സ്ഥാപിച്ച മരത്തടി പാലത്തിലൂടെ കടക്കുന്നവർക്കാണ് ഇത്തരത്തിലുള്ള അവസ്ഥ.
കാളിച്ചിറ ഗ്രാമത്തിലെ കുടുംബങ്ങൾക്ക് കല്ലൂർപുഴ കടക്കാനുള്ള ഏക ആശ്രയമാണ് ഒറ്റത്തടി പാലം. നൂൽപ്പുഴ കോളൂർ കാളിച്ചിറ വനഗ്രാമങ്ങളിലെ കുടുംബങ്ങളാണ് കല്ലൂർ പുഴയ്ക്ക് കുറുകെ സ്ഥാപിച്ച സുരക്ഷിതമല്ലാത്ത ഒറ്റത്തടി പാലങ്ങളിലൂടെ അക്കരെയിക്കര കടക്കുന്നത്. മഴക്കാലങ്ങളിൽ കുത്തിയൊലിക്കുന്ന പുഴയ്ക്ക് കുറുകെ ജീവൻ പണയംവച്ചാണ് ഇവരുടെ യാത്ര.
നൂൽപ്പുഴ പഞ്ചായത്തിലെ വനഗ്രാമങ്ങളായ കോളൂർ, കാളിച്ചിറ പ്രദേശവാസികളാണ് പുഴയ്ക്ക് കുറുകെ കടക്കാൻ സുരക്ഷിതമായ പാലമില്ലാത്തതിനാൽ ദുരിതത്തിൽ ആയിരിക്കുന്നത്. കോളൂർ ഗ്രാമത്തിൽ നിന്നും സമീപത്തുകൂടി ഒഴുകുന്ന കല്ലൂർപുഴ കടന്ന് അടുത്തുള്ള കാളിച്ചിറ ഗ്രാമത്തിൽ എത്തണമെങ്കിൽ രണ്ടിടത്തായുള്ള ഒറ്റത്തടി പാലങ്ങൾ മാത്രമാണ് ആശ്രയം.
പതിറ്റാണ്ടുകളായി ഇവർ ഈ പാലത്തെയാണ് ആശ്രയിക്കുന്നത്. അടുത്തിടെയുണ്ടായ ശക്തമായ മഴയിലും കാറ്റിലും പുഴയ്ക്ക് കുറുകെ മരം കടപുഴകി വീണു. ഇതാണ് ആളുകൾ അക്കരെ ഇക്കരെ കടക്കാൻ ഇപ്പോൾ പാലമായി ഉപയോഗിക്കുന്നത്. മുൻപ് ഈ പാലത്തിൽ നിന്ന് പുഴയിൽ വീണ് രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്. എന്നിട്ടും അധികൃതർ ഇതുവരെ കണ്ണു തുറന്നിട്ടില്ലെന്ന നാട്ടുകാർ ആരോപിച്ചു.
പാലമില്ലാത്തതിനാൽ അടുത്തുള്ള കല്ലൂരിൽ കോളൂർ പ്രദേശവാസികൾ എത്തുന്നത് നാല് കിലോമീറ്റർ ചുറ്റിയാണ്. ഈ ഭാഗത്ത് പുഴയ്ക്ക് കുറുകെ ഒരു ഇരുന്പുപാലം എങ്കിലും വന്നാൽ യാത്രാദുരിതത്തിന് പരിഹാരമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.