കാലാവസ്ഥാ മാറ്റത്തെ നേരിടാൻ ഉതകുന്ന ദീർഘകാല പദ്ധതികൾ രൂപപ്പെടുത്തണം: മാർ ജോസ് പൊരുന്നേടം
1584943
Tuesday, August 19, 2025 8:09 AM IST
മാനന്തവാടി: കാലാവസ്ഥാ മാറ്റം നമ്മുടെ ജീവിതത്തെയും ജീവിനോപാധികളെയും ഗൗരവമായി ബാധിക്കുന്ന സാഹചര്യത്തിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കാലാവസ്ഥാ മാറ്റത്തെ നേരിടാൻ ഉതകുന്ന ദീർഘകാല പദ്ധതികൾ രൂപപ്പെടുത്തണമെന്ന് മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം അഭിപ്രായപ്പെട്ടു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ 2024 2025 വർഷത്തെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരിന്നു അദ്ദേഹം.
ജലസംരക്ഷണം, മണ്ണിന്റെ ആരോഗ്യവർധന, കാർബണ്‍ ഉത്പാദനം കുറയ്ക്കുന്ന കാർഷിക രീതികൾ, ജൈവകൃഷി വ്യാപനം, സോളാർ, ബയോഗ്യാസ്, എൽഇഡി ലൈറ്റുകൾ പ്രോത്സാഹിപ്പിക്കൽ, ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ സൗഹൃദ ജീവിതരീതികളെക്കുറിച്ചുള്ള പരിശീലനങ്ങളും പ്രചാരണ പരിപാടികളും മരങ്ങൾ വച്ചുപിടിപ്പിക്കൽ തുടങ്ങിയവ ദീർഘകാല പദ്ധതികൾ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഏറ്റെടുത്ത് നടപ്പാക്കണമെന്ന് പിതാവ് ഓർമിപ്പിച്ചു.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ വാർഷിക റിപ്പോർട്ട്, കണക്കുകൾ എന്നിവ അവതരിപ്പിച്ചു. പ്രോഗ്രാം ഓഫീസർ പി.എ. ജോസ് ബജറ്റ്, ഭാവി പ്രവർത്തങ്ങൾ എന്നിവയും അവതരിപ്പിച്ചു.
ബയോവിൻ പ്രവർത്തനങ്ങളെ കുറിച്ച് മാനേജിംഗ് ഡയറക്ടർ ഫാ. ജോണ്‍ ചൂരപ്പുഴയിൽ, റേഡിയോ മാറ്റൊലിയെക്കുറിച്ച് ഡയറക്ടർ ഫാ. ബിജോ കറുകപ്പള്ളിൽ, ജീവസ് കേരള ലേബർ മൂവ്മെന്റ് പ്രവർത്തനങ്ങളെക്കുറിച്ച് ഡയറക്ടർ സെബാസ്റ്റ്യൻ പാലംപറന്പിൽ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.
ഭരണസമിതി അംഗങ്ങളായ, ഫാ. ജോസഫ് പരുവമ്മേൽ, ഫാ. അനൂപ് കളിയാനിയിൽ, ഫാ. ജോണി മലയിൽ, ഫാ. ജോമേഷ് തേക്കിലക്കാട്ടിൽ, ഫാ. ബിനു പൈനുങ്കൽ, സിസ്റ്റർ നവ്യ റോസ്, പ്രദീപ്, ബാലൻ പുതൂർ, വത്സ ബിജു ചുങ്കക്കുന്ന്, മുനിസിപ്പൽ കൗണ്‍സിലർ സ്മിത, സിസിലി മാത്യു എന്നിവർ പ്രസംഗിച്ചു.