ഇഞ്ചിക്കർഷകരെ സർക്കാർ സഹായിക്കണം: കെ.എൽ. പൗലോസ്
1585172
Wednesday, August 20, 2025 6:25 AM IST
സുൽത്താൻ ബത്തേരി: രോഗബാധമൂലം വ്യാപകമായി ഇഞ്ചിക്കൃഷി നശിച്ചതുമൂലം മുന്പെങ്ങുമില്ലാത്തവിധം പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എൽ. പൗലോസ്.
കർഷക കോണ്ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കണ്ണീർദിനം പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബാങ്കുകളിലേതടക്കം ബാധ്യതകൾക്കു നടുവിൽ നട്ടംതിരിയുകയാണ് കർഷകർ. രോഗബാധമൂലം ഇഞ്ചിക്കൃഷി നശിച്ച കർഷകർക്ക് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സാന്പത്തിക സഹായം ലഭ്യമാക്കിയിരുന്നു.
രോഗം മൂലം ഇഞ്ചിക്കൃഷിക്കുണ്ടാകുന്ന നാശം പ്രകൃതിക്ഷോഭത്തിലെ നാശമായി കണക്കാക്കി കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് പൗലോസ് ആവശ്യപ്പെട്ടു. കർഷക കോണ്ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പരിതോഷ്കുമാർ അധ്യക്ഷത വഹിച്ചു.