സത്യസന്ധതയ്ക്കു അംഗീകാരമായി ലോട്ടറി സ്റ്റാൾ ഉടമയെ ആദരിച്ചു
1585316
Thursday, August 21, 2025 5:50 AM IST
കൽപ്പറ്റ: സ്വകാര്യ ബസ് കണ്ടക്ടർ ആവശ്യപ്പെട്ടതുപ്രകാരം മാറ്റിവച്ച അഞ്ച് ലോട്ടറി ടിക്കറ്റുകളിൽ ഒന്നിന് ഒരു കോടി രൂപ സമ്മാനം ലഭിച്ച വിവരം മറച്ചുവയ്ക്കാതെ മാതൃക കാട്ടിയ "അമ്മ’ ലോട്ടറി സ്റ്റാൾ ഉടമ ആരോഷ് കീരണിനെ ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ(എഐടിയുസി)ജില്ലാ കമ്മിറ്റി ആദരിച്ചു.
മാറ്റിവച്ച ടിക്കറ്റുകളുടെ നന്പർ സ്റ്റാൾ ഉടമ ബസ് കണ്ടക്ടറോട് പറഞ്ഞിരുന്നില്ല. അതിനാൽത്തന്നെ ലോട്ടറി അടിച്ച വിവരം സ്റ്റാൾ ഉടമയ്ക്കു മറച്ചുവയ്ക്കാമായിരുന്നു. എന്നാൽ അതിനു മുതിരാതെ നറുക്കുവീണ വിവരം ആരോഷ് ബസ് കണ്ടക്ടറെ അറിയിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടാണ് ലോട്ടറി ട്രേഡേഴ്സ് യൂണിയൻ ആരോഷിനെ ആദരിക്കാൻ തീരുമാനിച്ചത്.
ഇതിനു ചേർന്ന യോഗം എഐടിയുസി ജില്ലാ സെക്രട്ടറി സി.എസ്. സ്റ്റാൻലിൻ ഉദ്ഘാടനം ചെയ്തു. ലോട്ടറി ട്രേഡേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് പി.എസ്. ബിജു അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ പ്രസിഡന്റ് വിജയൻ ചെറുകര സ്റ്റാൾ ഉടമയെ പൊന്നാട അണിയിച്ച് മെമന്റോ നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസ് പാറപ്പുറം, സി. രാഘവൻ, തയ്യൽത്തൊഴിലാളി യൂണിയൻ(എഐടിയുസി)സംസ്ഥാന കമ്മിറ്റിയംഗം കൃഷ്ണകുമാർ അമ്മാത്തുവളപ്പിൽ, മോട്ടോർ തൊഴിലാളി യൂണിയൻ(എഐടിയുസി)ജില്ലാ സെക്രട്ടറി ടി. മണി,
വർക്കിംഗ് വിമൻസ് ഫോറം പ്രസിഡന്റ് അഡ്വ. ബിൻസി ചെറിയാൻ, ലോട്ടറി ട്രേഡേഴ്സ് യൂണിയൻ സംസ്ഥാന സമിതിയംഗങ്ങളായ രാജൻ പനമരം, സാജൻ അഞ്ചുകുന്ന്, ലോട്ടറി ട്രേഡേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ഷിബു പോൾ, ട്രഷറർ സജീവൻ എന്നിവർ പ്രസംഗിച്ചു.