ഉന്നതിയിൽ 24 വീടുകൾ; മാതൃകയായി മൂന്നാനക്കുഴിയിലെ സബർമതി നഗർ
1585711
Friday, August 22, 2025 5:47 AM IST
വൈദ്യുതി കാറ്റിൽ നിന്നും സൂര്യനിൽ നിന്നും
മീനങ്ങാടി: ഭവന സമൂച്ചയത്തിനൊപ്പം സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഉൗർജോത്പാദനവും സാധ്യമാക്കി സംസ്ഥാനത്തിന് തന്നെ പുത്തൻ മാതൃകയാവുകയാണ് വയനാട് മീനങ്ങാടി മൂന്നാനക്കുഴിയിലെ സബർമതി ഉന്നതി.
ലൈഫ് മിഷൻ പദ്ധതിയിൽ പട്ടികവർഗ വിഭാഗത്തിനായി സബർമതി നഗറിൽ നിർമിച്ച 24 വീടുകളടങ്ങിയ ഭവന സമുച്ചയത്തിനൊപ്പമാണ് സൗരോർജവും കാറ്റാടിപാടവും പ്രയോജനപ്പെടുത്തുന്നത്.
വീട് നിർമിക്കുക എന്നതിന് ഉപരിയായി പകൽ സമയം സൗരോർജവും രാത്രിയിൽ കാറ്റിന്റെ ശക്തിയെയും ഉപയോഗപ്പെടുത്തി വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംവിധാനമായ വിൻഡ് ടർബൈൻ സജ്ജീകരിച്ചതിലൂടെ പരിസ്ഥിതി സൗഹൃദ ജീവിതശൈലിയിലേക്ക് പുതിയ ദിശകൂടി തുറന്നിരിക്കുകയാണ് മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത്.
അനർട്ട്, നബാർഡ്, മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത്, എൻജിഒ ആയ ശ്രേയസ് എന്നിവ സംയുക്തമായി വകയിരുത്തിയ 10,40400 രൂപ ചെലവിലാണ് മൂന്ന് കാറ്റാടി യന്ത്രങ്ങളും 15 ഓളം സൗരോർജ തെരുവ് വിളക്കുകളും ഉന്നതിയോട് ചേർന്ന് സജ്ജീകരിച്ചത്. 500 വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന വിൻഡ് ടർബൈൻ കുടുംബങ്ങൾക്കും ചെറിയ സ്ഥാപനങ്ങൾക്കും സ്വയംപര്യാപ്തമായ വൈദ്യുതി ഉത്പാദനത്തിന് മികച്ച മാർഗമാണ്.
സോളാർ പാനലുകളുമായി ചേർന്ന് ഹൈബ്രിഡ് സംവിധാനം ഒരുക്കുന്നതിലൂടെ സ്ഥിരതയുള്ള വൈദ്യുതി ലഭ്യത ഭാവിയിൽ ഉറപ്പാക്കാൻ കഴിയും.
ഭാവിയിൽ കഐസ്ഇബിയുമായി സഹകരിച്ച് വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി ഗ്രിഡിലേക്ക് നൽകാനും സാധിക്കും. വീടുകളുടെ നിർമാണ പ്രവൃത്തിയും വൈദ്യുതി ഉത്പാദനവും പൂർത്തിയായ ഉന്നതിയിലേക്ക് ഇനി ഗുണഭോക്തൃ കുടുംബങ്ങൾ മാറി താമസിക്കുകയേ വേണ്ടൂ.
24 വീടുകൾക്ക് ചെലവ് 1.44 കോടി
എല്ലാ അടിസ്ഥാന സൗകര്യങ്ങളും നൂതന സംവിധാനങ്ങളും സജ്ജീകരിച്ച ആധുനിക പാർപ്പിട സമുച്ചയങ്ങളാണ് സബർമതി നഗറിൽ സാക്ഷാത്കരിച്ചത്. 2015 - 2020 കാലഘട്ടത്തിലെ ഭരണസമിതിയുടെ കാലഘട്ടത്തിലാണ് പദ്ധതിക്ക് സ്ഥലം കണ്ടെത്തി തുടക്കം കുറിച്ചത്.
2020 അവസാനം പ്രവൃത്തി തുടങ്ങി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് 21 ലക്ഷം രൂപ ചെലവിട്ടാണ് 1.21 ഏക്കർ സ്ഥലം പദ്ധതിക്കായി കണ്ടെത്തിയത്. ഒരേക്കർ 24 വീടുകൾക്ക് വേണ്ടിയും 17 സെന്റ് വഴിക്ക് വേണ്ടിയും 4.5 സെന്റ് പൊതു ആവശ്യങ്ങൾക്ക് വേണ്ടിയും മാറ്റി. രണ്ട് കിടപ്പ് മുറി, ഹാൾ, സിറ്റ് ഒൗട്ട്, ശുചിമുറി, പുകയില്ലാത്ത അടുപ്പ്, വാട്ടർ ടാങ്ക് ഉൾപ്പെടെയാണ് ഓരോ വീടിന്റെയും നിർമാണം പൂർത്തീകരിച്ചത്.
സംസ്ഥാന വിഹിതവും ജില്ലാ പഞ്ചായത്ത് വിഹിതവും ഗ്രാമപഞ്ചായത്ത് വിഹിതവും ഹഡ്കോ ധനസഹായവും ഉപയോഗിച്ചാണ് തുക കണ്ടെത്തിയത്. ഒരു കുടുംബത്തിന് ആറ് ലക്ഷം രൂപ നിരക്കിൽ 1.44 കോടി രൂപ ഭവന നിർമാണത്തിന് ചെലവായി.
ജൽ ജീവൻ മിഷന്റെ കുടിവെള്ള കണക്ഷന് പുറമെ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കിണർ, മാലിന്യ സംസ്കരണത്തിന് ആധുനിക ഉപാധികൾ, ഇന്റർലോക്ക് പതിപ്പിച്ച വഴി എന്നിവയെല്ലാം ഇവിടെ സജ്ജമാണ്.