പുരസ്കാര നിറവിൽ കൽപ്പറ്റ നഗരസഭ
1585713
Friday, August 22, 2025 5:47 AM IST
കൽപ്പറ്റ: 2024-25ലെ സ്വച്ഛ് സർവേക്ഷൻ റാങ്കിംഗിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സസ്റ്റൈൻഡ് സാനിറ്റേഷൻ എക്സലൻസി അവാർഡ് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിൽനിന്നും കൽപ്പറ്റ നഗരസഭാ ഭരണസമിതിയംഗങ്ങളും ജീവനക്കാരും ഏറ്റുവാങ്ങി.
ചെയർമാൻ ടി.ജെ. ഐസക്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി. മുസ്തഫ, മറ്റു സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ആയിഷ പള്ളിയാലിൽ, രാജാറാണി, സെക്രട്ടറി അലി അസ്കർ, കൗണ്‍സിലർമാരായ കെ. അജിത, പി.കെ. സുഭാഷ്, റൈഹാനത്ത് വടക്കേതിൽ, റജുല, നിജിത, വത്സല, നഗരസഭാ ക്ലീൻ സിറ്റി മാനേജർ സത്യൻ, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് സിറാജ്, ശുചിത്വ മിഷൻ നഗരസഭാ വൈ.പി. അതുല്യ, കണ്ടിജന്റ് ജീവനക്കാരൻ പ്രജി എന്നിവരടങ്ങുന്ന സംഘമാണ് പുസ്കാരം സ്വീകരിച്ചത്.
മാലിന്യ സംസ്കരണം, നഗര സൗന്ദര്യവത്കരണം, കക്കൂസ് മാലിന്യ പരിഹാര സംവിധാനം, ജൈവ മാലിന്യത്തിൽനിന്നു ജൈവവളം ഉത്പാദനം, ഉറവിട മാലിന്യ സംസ്കരണം തുടങ്ങിയവയിൽ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളാണ് നഗരസഭയെ പുരസ്കാരത്തിന് അർഹമാക്കിയത്. സംസ്ഥാനത്ത് 2022 മുതൽ 2025 വരെ തുടർച്ചയായി മൂന്നുവർഷം ഒഡിഎഫ് പ്ലസ് പ്ലസ് അംഗീകാരം നേടിയ ഏക നഗരസഭയാണ് കൽപ്പറ്റ.