പുഞ്ചിരിമട്ടം ദുരന്തം: രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കായി 1.60 കോടി രൂപ സ്ഥിര നിക്ഷേപം നടത്തി
1585716
Friday, August 22, 2025 5:47 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽ രക്ഷിതാക്കൾ നഷ്ടപ്പെട്ട 21 കുട്ടികൾക്ക് പഠന സഹായമായി അനുവദിച്ച 2.1 കോടി രൂപയിൽ 1.60 കോടി രൂപ ജില്ലാ കളക്ടറുടെ പേരിൽ ട്രഷറിയിൽ സ്ഥിര നിക്ഷേപം നടത്തി.
21 കുട്ടികളിൽ നാല് പേർക്ക് 18 വയസ് പൂർത്തിയായി. ബാക്കി 17 കുട്ടികളിൽ ഒന്പത് പേർക്കാണ് ജില്ലാ കളക്ടറുടെ പേരിൽ പ്രത്യേക സ്ഥിര നിക്ഷേപ അക്കൗണ്ടുകൾ തുറന്നത്. കുട്ടികളിൽ ഒരാൾ തമിഴ്നാട് സ്വദേശിയാണ്.
ഈ കുട്ടിയുടെയും രക്ഷിതാവിന്റെയും പേരിൽ ട്രഷറിയിൽ സംയുക്ത അക്കൗണ്ട് ആരംഭിക്കുന്ന മുറയ്ക്ക് സ്ഥിരനിക്ഷേപമായി തുക സൂക്ഷിക്കും. ഏഴ് കുട്ടികളുടെ പ്രായം എട്ടുവയസിൽ താഴെയാണ്. ഇവർക്കുള്ള സ്ഥിര നിക്ഷേപം ആരംഭിച്ചിട്ടില്ല. ട്രഷറിയിൽ 10 വർഷത്തിൽ കൂടുതൽ സ്ഥിര നിക്ഷേപം നടത്താൻ സാങ്കേതിക തടസമുള്ളതാണ് കാരണം.
ട്രഷറിയിൽ നിക്ഷേപിക്കുന്ന തുകയിൽ നിന്നു ഓരോ കുട്ടിക്കും മാസവസാനം 6,250 രൂപയാണ് പലിശ ലഭിക്കുക. കുട്ടികൾക്ക് 18 വയസ് പൂർത്തിയായാൽ ട്രഷറിയിൽ നിന്നു തുക അക്കൗണ്ടുകളിലേക്ക് മാറ്റും.