മുണ്ടക്കൈ ചൂരൽമല ഉപജീവന സംരംഭങ്ങൾക്ക് ധനസഹായം വിതരണം ചെയ്തു
1601634
Tuesday, October 21, 2025 7:37 AM IST
കൽപ്പറ്റ: ദുരന്ത ബാധിതരായ ജനതയുടെ ജീവിതം പുനർനിർമിക്കാൻ സമാനതകളില്ലാത്ത ഇടപെടലാണ് സർക്കാരിന്റെ നേതൃത്വത്തിൽ കുടുംബശ്രീ നിറവേറ്റുന്നതെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററി കാര്യ മന്ത്രി എം.ബി. രാജേഷ്.
ഉപജീവനമാർഗം നഷ്ടപ്പെട്ട മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന നൽകുന്ന ഉപജീവന സംരംഭങ്ങളുടെ ധനസഹായം വിതരണം ചെയ്ത് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിലൂടെ ദുരന്തബാധിതരെ അതിവേഗം തിരികെ പിടിക്കുകയാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു. മുണ്ടക്കൈ, ചൂരൽമല ദുരിത ബാധിതരെ ഉപജീവന പ്രവർത്തനങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 357 കുടുംബങ്ങൾക്ക് 3.61 കോടി രൂപയാണ് കുടുംബശ്രീയ്ക്ക് അനുവദിച്ചത്.
ഫേസ് 1, ഫേസ് 2 എ, ഫേസ് 2 ബി വിഭാഗങ്ങളിലായി ഉപജീവനം (മൈക്രോ എന്റർപ്രെെസുകൾ) ആവശ്യപ്പെട്ട മുഴുവൻ ആളുകൾക്കും സഹായം വിതരണം ചെയ്യും. 234 കുടുംബങ്ങൾക്കാണ് ഉപജീവന ഫണ്ട് ലഭ്യമാക്കുന്നത്. 3.61 കോടി രൂപ സിഎംഡിആർഎഫ് ഫണ്ടും 1.65 കോടി രൂപ കുടുംബശ്രീ പ്രത്യാശ ഫണ്ടുൾപ്പടെ 5.20 കോടി രൂപയാണ് 435 ഗുണഭോക്തൃ കുടുംബങ്ങൾക്കായി കുടുംബശ്രീ വിതരണം ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു.
കുടുംബശ്രീ പ്രത്യാശ പദ്ധതിയിൽ 95 പേർക്ക് 98 ലക്ഷം രൂപയും സിക്ക് എംഇ പുനരുജ്ജീവന പദ്ധതിയിൽ ആറ് പേർക്ക് ആറ് ലക്ഷം രൂപയും അനുവദിച്ചു. പ്രവാസി ഭദ്രത പദ്ധതിയിൽ 21 പേർക്ക് 28 ലക്ഷം രൂപയും ആർകെഇഡിപി പദ്ധതിയിൽ 27 പേർക്ക് 3.3 ലക്ഷം രൂപയുടെ പലിശരഹിത വായ്പയായി നൽകി. മുണ്ടക്കൈയിലെ 27 പേർ ബെയിലി ബാഗ് നിർമാണത്തിലൂടെയും 19 പേർ ബെയ്ലി കുട നിർമാണത്തിലൂടെയും ഉപജീവനമാർഗം കണ്ടെത്തി. ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കൽപ്പറ്റ നഗരസഭ ആക്ടിംഗ് ചെയർപേഴ്സണ് സരോജിനി ഓടന്പത്ത്, കേരള കോ ഓപ്പറേറ്റീവ് ഡെവലപ്മെന്റ് ആൻഡ് വെൽഫെയർ ഫണ്ട് ബോർഡ് വൈസ് ചെയർമാൻ സി.കെ. ശശീന്ദ്രൻ, ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ബി. നാസർ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.എം. സലീന, അസിസ്റ്റന്റ് കോഓർഡിനേറ്റർ കെ.കെ. അമീൻ, വി.കെ. റജീന, മേപ്പാടി സിഡിഎസ് ചെയർപേഴ്സണ് ബിനി പ്രഭാകരൻ, ടി. ഹംസ എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.