വയനാട് ടൗണ്‍ഷിപ്പ് നിർമാണം: ഓരോ വീടും പൂർത്തിയാക്കുന്നത് 58 ഘട്ടം പരിശോധനകൾ കടന്ന്
1601636
Tuesday, October 21, 2025 7:37 AM IST
കൽപ്പറ്റ: കർശന ഗുണനിലവാര പരിശോധനയാണ് വയനാട് ടൗണ്‍ഷിപ്പ് നിർമാണത്തിന്റെ ഓരോഘട്ടത്തിലും നടക്കുന്നത്. നിർമാണ സ്ഥലത്തെ മണ്ണ് മുതൽ കന്പി, സിമന്റ്, മണൽ മുതലായ മുഴുവൻ സാധന സാമഗ്രികളും പരിശോധിച്ച് ഗുണമേൻമ ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഉപയോഗിക്കുന്നത്.
ഇതിനായി നിർമാണ സ്ഥലത്തുതന്നെ പൂർണ സജ്ജമായ ലാബ് പ്രവർത്തിക്കുന്നുണ്ട്. ഓരോ വീടിന്റെയും മണ്ണ് പ്രത്യേകമായി പരിശോധിച്ചാണ് വീടിന്റെ അടിത്തറയുടേയും മറ്റും ഘടന തീരുമാനിക്കുന്നത്. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിൽ പ്ലിന്ത് ബീമും റൂഫ് ബീമും ഷിയർ ഭിത്തികളും ചേർന്ന ഫ്രെയിംഡ് സ്ട്രക്ച്ചർ ആയാണ് കെട്ടിടം നിർമിക്കുന്നത്. മുകളിലേയ്ക്ക് കൂടുതൽ നിലകൾ പണിയാൻ പാകത്തിലാണ് തറകൾ നിർമിച്ചിരിക്കുന്നത്. നിർമാണത്തിന് ഉപയോഗിക്കുന്ന സിമന്റ്, മണൽ, കന്പി, സിമന്റ് കട്ടകൾ, ടൈലുകൾ, ഫാബ്രിക്കേഷൻ സാധനങ്ങൾ, പൈപ്പുകൾ മുതലായവ കോണ്‍ ട്രാക്ടറുടെ ടെസ്റ്റിംഗ് കൂടാതെ സ്വതന്ത്രമായ മൂന്നാം കക്ഷിയുടെ ടെസ്റ്റിംഗ് നടത്തി ഗുണമേൻമ ഉറപ്പ് വരുത്തുന്നുണ്ട്.
നിർമാണത്തിലെ ഓരോഘട്ടത്തിലും പരിശോധന നടത്തി ഗുണനിലവാരം ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുന്നത്. പ്രോജക്ട് കണ്‍സൾട്ടന്റായ കിഫ്കോണ്‍ എൻജിനീയർമാരുടെ സാന്നിധ്യത്തിലാണ് ഓരോ ടെസ്റ്റുകളും നടത്തുന്നത്. കൃത്യത ഉറപ്പ് വരുത്തുന്നതിനായി ഓരോ ടെസ്റ്റിന്റെയും ഫോട്ടോ/വീഡിയോ എടുത്ത് സൂക്ഷിക്കുന്നുണ്ട്. ഇത്തരത്തിൽ 58 ഘട്ട പരിശോധനകൾ കടന്നാണ് ഓരോ വീടും പൂർത്തിയാക്കുന്നത്.
ഉയർന്ന ഗുണനിലവാരമുള്ള കന്പികളാണ് നിർമാണത്തിന് ഉപയോഗിക്കുന്നത്. കോണ്‍ക്രീറ്റിനു ഉപയോഗിക്കുന്ന മെറ്റൽ, മണൽ, സിമന്റ് എന്നിവയുടെ സവിശേഷതകൾ പരിശോധിച്ച് അതിനനുസരിച്ച് മാനദണ്ഡങ്ങൾ പ്രകാരമുള്ള ട്രയൽ കോണ്‍ക്രീറ്റ് മിക്സ് തയാറാക്കി പരിശോധിച്ച് ഗുണമേൻമ ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് കോണ്‍ക്രീറ്റിംഗിനു ഉപയോഗിക്കുന്നത്.
ഓരോ കോണ്‍ക്രീറ്റ് മിശ്രിതവും തയാറാക്കിയതിനുശേഷം നിശ്ച്ചിത സമയത്തിനകം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നുണ്ട്. സമയപരിധി കഴിഞ്ഞാൽ കോണ്‍ക്രീറ്റ് തിരികെ അയക്കും. ഓരോ കോണ്‍ക്രീറ്റ് മിശ്രിതത്തിന്റെയും പ്രവർത്തന ക്ഷമത സ്ലന്പ് ടെസ്റ്റിലൂടെ ഉറപ്പ് വരുത്തിയ ശേഷമാണ് കോണ്‍ക്രീറ്റിനു ഉപയോഗിക്കുന്നത്. ഓരോ കോണ്‍ക്രീറ്റ് ലോഡിൽ നിന്നും സാന്പിൾ ശേഖരിച്ച് ഏഴാമത്തേയും, ഇരുപത്തിയെട്ടാമത്തേയും ദിവസങ്ങളിൽ അവയുടെ ഉറപ്പ് പരിശോധിക്കുന്നു. ഇതുവരെയുള്ള ടെസ്റ്റ് റിസൾട്ടുകൾ പരിശോധിച്ചതിൽ ആവശ്യമുള്ളതിന്റെ ഒന്നര മുതൽ രണ്ട് ഇരട്ടി വരെ ഉറപ്പ് കോണ്‍ക്രീറ്റിന് ഉള്ളതായി ബോധ്യപ്പെട്ടു. ഐഎസ് 456:2000 കോഡ് പ്രകാരമുള്ള ഗുണമേൻമ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ടൗണ്‍ഷിപ്പിലെ ഓരോ നിർമാണ പ്രവർത്തനവും നടക്കുന്നത്.