രണ്ടു വര്ഷത്തിനുള്ളില് 1,078 വീടൊരുക്കാന് കാഞ്ഞങ്ങാട് നഗരസഭ
1264184
Thursday, February 2, 2023 12:44 AM IST
കാഞ്ഞങ്ങാട്: നഗരസഭയിലെ 1078 ഗുണഭോക്താക്കള്ക്ക് രണ്ടു വര്ഷത്തിനുള്ളില് വീടെന്ന സ്വപ്നം യാഥാര്ഥ്യമാക്കാന് നഗരസഭയുടെ കരുതല്.
പിഎംഎവൈ ലൈഫ് പദ്ധതിയില്പ്പെടുത്തി കാഞ്ഞങ്ങാട് നഗരസഭ 1,078 പേര്ക്ക് കൂടി വീട് നിര്മാണത്തിന് ധനസഹായം നല്കും. പി.എം.എ.വൈ ലൈഫ് പദ്ധതിയില് പെടുത്തി കാഞ്ഞങ്ങാട് നഗരസഭ ഇതിനകം 870 വീടുകള് നിർമിച്ചു നല്കിയിരുന്നു. അതില് 800 വീടുകള് മുഴുവനും പൂര്ത്തീകരിച്ചു. 70 വീടുകളുടെ നിര്മാണം നടന്നുവരികയാണ്. 1078 ഗുണഭോക്താക്കള്ക്കും അടുത്ത രണ്ടു വര്ഷത്തിനുള്ളില് വീട് പൂര്ത്തിയാക്കുന്ന വിധത്തിലുള്ള പദ്ധതിയാണ് നഗരസഭ ആവിഷ്കരിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളില് നിന്നു വായ്പ എടുത്താണ് ഗുണഭോക്താക്കള്ക്ക് നഗരസഭ വിഹിതമായ രണ്ടുലക്ഷം രൂപ നല്കുന്നത്.
ഇതിന്റെ ഭാഗമായി കെട്ടിട നിര്മാണ അപേക്ഷ സ്വീകരിച്ച് അവര്ക്ക് വീട് നിര്മിക്കാനുള്ള അനുമതി നല്കുകയും ചെയ്യുന്നു. ജനുവരി 12ന് ആരംഭിച്ച കെട്ടിട നിര്മാണ അനുമതി അപേക്ഷ സ്വീകരിക്കല് ഇപ്പോഴും തുടരുന്നു.
ഓരോ ദിവസവും 120 ഓളം ഗുണഭോക്താക്കളുടെ അപേക്ഷകള്ക്കാണ് തീര്പ്പു കല്പ്പിക്കുന്നത്.
ഈ അപേക്ഷകള് സ്വീകരിച്ച് അന്നു തന്നെ പെര്മിറ്റ് കൊടുക്കുകയും പിന്നീട് കരാര്വച്ച് വീട് നിര്മാണത്തിനുള്ള ഒന്നാം ഗഡു അനുവദിക്കുകയും ചെയ്യും. ഒരു ദിവസം തന്നെ 120 പേര്ക്ക് പെര്മിറ്റ് നല്കുന്നത് നഗരസഭയുടെ അഭിമാനകരമായ നേട്ടമാണെന്നും 1078 ഗുണഭോക്താക്കളും അനുമതി പത്രം നല്കുന്ന സമയത്ത് തന്നെ നടപടിക്രമങ്ങള് സുതാര്യമാക്കി അന്നു തന്നെ പെര്മിറ്റ് കൊടുക്കാനുള്ള നടപടിയാണ് നഗരസഭ സ്വീകരിക്കുന്നതെന്നും ചെയര്പേഴ്സണ് കെ.വി.സുജാത പറഞ്ഞു.