ഉത്സവതിമിര്‍പ്പില്‍ രണ്ടാം വന്ദേഭാരത് യാത്ര
1338124
Monday, September 25, 2023 1:13 AM IST
കാസര്‍ഗോഡ്: ഒരു ഉത്സവപ്പറമ്പിനെ വെല്ലുന്ന ആവേശമായിരുന്നു ഇന്നലെ കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍. ഉച്ചയ്ക്ക് 12നാണ് രണ്ടാം വന്ദേഭാരതിന്റെ ഫ്ളാഗ് ഓഫ് എന്നറിയിച്ചതെങ്കിലും രാവിലെ പത്തിനുമുമ്പേ ജനങ്ങള്‍ കൂട്ടത്തോടെ റെയില്‍വേ സ്റ്റേഷനിലേക്ക് ഒഴുകി.
വാദ്യമേളങ്ങള്‍ ചടങ്ങിന് കൊഴുപ്പേകി. പാസഞ്ചേഴ്സ് അസോസിയേഷന് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമാണ് കന്നിയാത്രയ്ക്ക് അവസരം ലഭിച്ചത്.
ഉദ്ഘാടനചടങ്ങ് കഴിഞ്ഞ് 12.15ഓടെ കംപാര്‍ട്ട്മെന്റുകള്‍ തുറന്നുകൊടുത്തു. ട്രെയിന്‍ അകത്തുകയറി കാണാനും സെല്‍ഫിയെടുക്കാനുമായി ജനങ്ങള്‍ കൂട്ടത്തോടെയെത്തി. വിമാനത്തിലേതു പോലുള്ള സൗകര്യങ്ങളും ശുചിത്വവും ഏവരെയും വിസ്മയിപ്പിച്ചു. ആദ്യത്തെ വന്ദേഭാരതിനെ അപേക്ഷിച്ച് ഇത്തവണ മികച്ച സീറ്റിംഗ് സൗകര്യവും കൂടുതല്‍ ലെഗ് സ്പേസും ഉണ്ടെന്നും മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സോക്കറ്റ് യാത്രക്കാര്‍ക്ക് കുറേക്കൂടി സൗകര്യപ്രദമായ രീതിയിലുള്ളതാണെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
12.30നു യാത്ര ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും 1.05 നാണ് പുറപ്പെട്ടത്. പാട്ടുകളും കളികളുമായി സ്കൂള്‍ കുട്ടികള്‍ കന്നിയാത്ര അവിസ്മരണീയമാക്കി. 1.20 ഓടെ ഉച്ചഭക്ഷണം വിളമ്പി. വെജിറ്റബിള്‍ ബിരിയാണിയും ചപ്പാത്തിയും കോണ്‍ഫ്ളവര്‍ കുറുമയും സലാഡും അച്ചാറും ഗുലാബ് ജാമുനും അടങ്ങുന്നതായിരുന്നു ഭക്ഷണം. 1.45ഓടെ പയ്യന്നൂരില്‍ സ്വീകരണമൊരുക്കി.
1.50ഓടെ ഇവിടെ നിന്നും പുറപ്പെട്ട ട്രെയിന്‍ 2.17 ഓടെയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നത്.