സ്കൂള്‍ പാചകതൊഴിലാളികളോടുള്ള അവഗണനയിൽ പ്രതിഷേധം
1261899
Tuesday, January 24, 2023 10:58 PM IST
കൊല്ലം : ഓണറേറിയം വൈകുന്നത് സ്ഥിരമായതോടെ സ്കൂള്‍ പാചകതൊഴിലാളികള്‍ ദുരിതത്തില്‍ ആയി. തുച്ഛ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ജനുവരി അവസാനത്തിലേക്ക് അടുക്കുമ്പോഴും ഡിസംബറിലെ ഓണറേറിയം കിട്ടിയിട്ടില്ല.
കേന്ദ്രഫണ്ട് വന്നിട്ടില്ല എന്ന കാരണം പറഞ്ഞ് കൈമലര്‍ത്തുകയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍. പബ്ലിക് ഫിനാന്‍സ് മാനേജ്മെന്റ് സിസ്റ്റം വഴി ജില്ല ഓഫീസുകളില്‍ നിന്ന് ഡിപിഐയിലേക്ക് കൃത്യമായി രേഖകള്‍ അയച്ച് കാത്തിരിക്കുകയാണ്. പണം വരാത്തത് അന്വേഷിച്ച് വിളിക്കുന്ന ജില്ലാ അധികൃതരോട് സങ്കേതിക പ്രശ്നം കാരണമാണ് വൈകുന്നത് എന്നാണ് ഡിപിഐയില്നിന്നുള്ള മറുപടി.
അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ മറുപടി ഏറെ കൗതുകരമാണ്. ഡിസംബറിലെ ഓണറേറിയം ഗഡുക്കളായി നല്കുമത്രേ. ആദ്യ ഗഡുവായി 5000രൂപ വിതരണം ചെയ്യുമെന്നാണ് പറയപ്പെടുന്നത്.
ദിവസവേതന വ്യവസ്ഥയില്‍ 600 രൂപയാണ് പാചകതൊഴിലാളികളുടെ ഓണറേറിയം. 500ന് മുകളില്‍ വിദ്യാര്‍ഥികള്‍ ആയാലും വേതനം ഏറ്റവും ഉയരുന്നത് 675 രൂപവരെ മാത്രം. 60 ശതമാനം കേന്ദ്രഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടുമാണ് ഇതിന് വിനിയോഗിക്കുന്നത്. ക്രിസ്മസ് അവധിക്കാലവും പരീക്ഷയും ആയിരുന്നതിനാല്‍ 15ഓളം തൊഴില്‍ദിനങ്ങളുടെ ശമ്പളം മാത്രമാണ് ഡിസംബറിലേതായി തൊഴിലാളികള്‍ക്ക് ലഭിക്കുക. അതാണ് ജനുവരി അവസാനമായിട്ടും ഇനിയും നല്‍കാതെ തൊഴിലാളികളെ വലയ്ക്കുന്നത്. 500 കുട്ടികള്‍ക്ക് വരെ ഒരൊറ്റ പാചകതൊഴിലാളി എന്ന നയം കാരണം കടുത്ത ജോലിഭാരമുള്ളതിനാല്‍ സ്വന്തം നിലയില്‍ സഹായിയെ കൂടെ കൂട്ടിയാണ് പലരും ജോലി ചെയ്യുന്നത്. ഓണറേറിയം കിട്ടുന്നതില്‍ പങ്ക് സഹായിക്ക് കൂടി നല്കേണ്ടവര് വേതനം വൈകുന്നത് കാരണം ആകെ ബുദ്ധിമുട്ടിലാണ്.
60 വയസ് കഴിഞ്ഞു എന്ന കാരണത്താല്‍ ചില സ്കൂള്‍ പ്രഥമാധ്യാപകര്‍ പാചകതൊഴിലാളികളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്നു എന്ന പരാതിയും ഉയരുന്നുണ്ട്. ആരോഗ്യം മോശമാകുന്നത് വരെ സ്കൂള്‍ പാചകതൊഴിലാളികള്‍ തൊഴിലില്‍ തുടരുന്നതാണ് കീഴ്വഴക്കം. വ്യക്തമായ കാരണമില്ലാതെ അവരെ പിരിച്ചുവിടാന്‍ പാടില്ല എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറിലും നിര്‍ദേശിച്ചിരിക്കുന്നത്. പിരിച്ചുവിടാന്‍ തക്കതായ കാരണം ഉണ്ടെങ്കില്‍ സ്കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റി നോട്ടീസ് നല്‍കണം. മറുപടി ലഭിച്ചതിന് ശേഷം തൊഴിലാളിയെ കമ്മിറ്റി കേള്‍ക്കണമെന്നുമുണ്ട്.
എന്നാല്‍, ഇത്തരം നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെ തൊഴിലാളികളെ പിരിഞ്ഞുപോകാന്‍ നിര്‍ബന്ധിതരാക്കുകയാണെന്നും എ ഹബീബ്സേട്ട് കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ അനാവശ്യമായി പണം ധൂര്‍ത്തടിക്കുമ്പോഴും സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് വേതനം കൃത്യമായി നല്‍കുന്നില്ല. സ്കൂള്‍ പാചകതൊഴിലാളികളോടു സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കെതിരെ ഫെബ്രുവരിയില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സ്കൂള്‍ പാചക തൊഴിലാളി കോണ്‍ഗ്രസ് (ഐ എന്‍ ടി യുസി ) സംസ്ഥാന ജനറല്‍ സെക്രട്ടറി എ ഹബീബ്സേട്ട് പറഞ്ഞു.