ഉത്സവാഘോഷത്തിനിടയിൽ ആക്രമം; പ്രതികൾ പിടിയിൽ
1396231
Thursday, February 29, 2024 2:26 AM IST
കൊല്ലം :ഉത്സവാഘോഷത്തിനിടയിൽ യുവാവിന്റെ തലയോട്ടി തല്ലിത്തകർത്ത പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം, വടക്കേവിള, കളരി തെക്കതിൽ, ശ്രീഹരി(24), അയത്തിൽ, നേതാജി നഗർ ചരുവിള വീട്ടിൽ സുധി(27), തട്ടാർകോണം കൊച്ചുകാവ് അന്പലത്തിന് സമീപം വയലിൽ പുത്തൻ വീട്ടിൽ മനോജ്(33) എന്നിവരാണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 16 ന് രാത്രിയിൽ പേരൂർ കരുനല്ലൂർ ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിയ പ്രതികൾ ഉത്സവം കണ്ടു നിന്നവരെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിനിടയിൽ തൃക്കോവിൽവട്ടം സ്വദേശിയായ ശരത്കുമാർ ഇവിടെ നിന്ന് ഓടിമാറാൻ ശ്രമിച്ചപ്പോൾ ശ്രീഹരി കൈയിലുണ്ടായിരുന്ന മരകഷ്ണം ഉപയോഗിച്ച് ഇയാളുടെ തലയിൽ അടിച്ച് പരിക്കേൾപ്പിക്കുകയും കൂടെയുണ്ടായിരുന്ന മറ്റു പ്രതികൾ ചേർന്ന് ഇയാളെ ക്രൂരമായി മർദിക്കുകയും ചെയ്യ്തു.
മർദനത്തിൽ ശരത്കുമാറിന്റെ തലയോട്ടിക്കും തോളെല്ലിനും പൊട്ടൽ സംഭവിച്ച് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. തുടർന്ന് ശരത്കുമാറിന്റെ അച്ഛൻ കിളികൊല്ലൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. കിളികൊല്ലൂർ പോലീസ് ഇൻസ്പെക്ടർ തോമസിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ രാജേഷ്, സുധീഷ്, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.