ഭക്തിയുടെ നിറവിൽ കൊ ടിമൂട്ടിലമ്മയ്ക്ക് ആയിരങ്ങൾ പൊ ങ്കാല അർപ്പിച്ചു
1396697
Friday, March 1, 2024 11:19 PM IST
പാരിപ്പള്ളി : ഭക്തിയുടെ നിറവിൽ ആത്മസമർപ്പണമായി കൊടിമൂട്ടിലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് ആയിരങ്ങൾ. അമ്മേ നാരായണമന്ത്രങ്ങൾ അലയടിച്ച ധന്യമുഹൂർത്തത്തിൽ പൊങ്കാലക്കലങ്ങൾ തിളച്ചുതുളുമ്പി. കൊടിമൂട്ടിലമ്മയുടെ അനുഗ്രഹവർഷത്തിൽ മനം നിറഞ്ഞു ഭക്തർ.
അടുപ്പുകളുടെ നിര കിലോമീറ്ററുകൾക്കപ്പുറം തിരുവനന്തപുരം ജില്ലയിലേക്കും നീണ്ടു. നിർമാണപ്രവർത്തികൾ നടക്കുന്നതിനാൽ ദേശീയപാത ഒഴിവാക്കി പാരിപ്പള്ളി -മടത്തറ റോഡിലും പരവൂർ ചാത്തന്നൂർ റോഡിലും പാരിപ്പള്ളി മുക്കട -വർക്കല റോഡിലും പൊങ്കാല അടുപ്പുകൾ നിറഞ്ഞതോടെ അക്ഷരാർഥത്തിൽ പാരിപ്പള്ളിയും പരിസരപ്രദേശങ്ങളും യാഗശാലയായി. പുലർച്ചെ നാലിന് നിർമാല്യ ദർശനത്തോടെ ഉത്സവ ചടങ്ങുകൾ തുടങ്ങി. രാവില ഒന്പതിന് വിളിച്ചുചൊല്ലി പ്രാർഥനയോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായി.
ക്ഷേത്രം മേൽശാന്തി കൃഷ്ണദാസൻ പോറ്റി ശ്രീകോവിലെ കെടാവിളക്കിൽ നിന്ന് കൊളുത്തിയ തിരിയിൽ നിന്ന് പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു. 10.30 ഓടെ പൊങ്കാല നിവേദ്യ ചടങ്ങുകൾ നടന്നു. തുടർന്ന് പൂജാരിമാരുടെ കാർമികത്വത്തിൽ ഭക്തർ തയാറാക്കിയ പൊങ്കാലകൾ നേദിച്ചു.
ഹരിത ചട്ടങ്ങൾ പാലിച്ചായിരുന്നു പൊങ്കാല. അഭീഷ്ടസിദ്ധിക്ക് കൊടിമൂട്ടിലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് നിർവൃതിയോടെയാണ് ഭക്തരുടെ മടക്കം. രാത്രി ഏഴോടെ ക്ഷേത്രത്തിന്റെ മാനേജിങ് ട്രസ്റ്റി കെ. ഗോപിനാഥൻ ത്രിക്കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന് ചികിത്സാ ധനസഹായവിതരണ സമ്മേളനം മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.