കരുനാഗപ്പള്ളി- ശാസ്താംകോട്ട റൂട്ടിൽ ബസുകളുടെ മത്സര ഓട്ടം
1425052
Sunday, May 26, 2024 7:04 AM IST
ശാസ്താംകോട്ട: കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിൽ ബസുകളുടെ മത്സര ഓട്ടം മനുഷ്യ ജീവന് ഭീഷണിയാകുന്നു. പ്രത്യേകിച്ചും ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും. കെഎസ്ആർറ്റിസി ഉൾപ്പെടെ നിരവധി ബസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.
രണ്ട് ബസുകൾ തമ്മിൽ സർവീസ് നടത്തുന്നതിനുള്ള ഇടവേള ഏതാനും മിനിറ്റുകൾ മാത്രമാണ്. ഇതിനോടൊപ്പം മാളിയേക്കൽ മേൽപ്പാലം നിർമ്മാണം നടക്കുന്നതിനാൽ ഈ റൂട്ടിൽ കൂടിയുള്ള ബസ് സർവീസ് ഇടകുളങ്ങര വഴിയാണ്. കൂടാതെ മൈനാഗപ്പള്ളി ഗേറ്റ് അടച്ചിടുന്നത് മൂലമുള്ള സമയനഷ്ടം ക്രമീകരിക്കുന്നതിനാണ് ബസുകൾ മത്സര ഓട്ടം നടത്തുന്നത്.
മൈനാഗപ്പള്ളിയിലെ ഗേറ്റ് അടച്ച് തുറക്കുമ്പോൾ മൂന്ന് ബസുളെങ്കിലും മത്സരിച്ച് ഓടും.സ്വകാര്യ ബസുകൾ തമ്മിലും സ്വകാര്യ ബസുകളും കെഎസ്ആർറ്റിസി ബസുകൾ തമ്മിലും മൽസര ഓട്ടമാണ്.
മൽസര ഓട്ടം തുടങ്ങി കഴിഞ്ഞാൽ ബസ് സ്റ്റോപ്പുകളിൽ നിറുത്തി ആളുകളെ കയറ്റാനോഇറക്കാനോ ശ്രമിക്കാറില്ല. നിറുത്തിയാൽ തന്നെ ആളുകൾ കയറുന്നതിനും ഇറങ്ങുന്നതിനും മുമ്പ് ബസ് എടുത്ത് കൊണ്ട് പോകും. ഇത് മൂലം സ്ത്രീകളും കുട്ടികളും വയോധികരു മായ യാത്രക്കാർ മറിഞ്ഞു വീഴുന്നതും അപകടം സംഭവിക്കുന്നതും നിത്യ സംഭവമാണ്. റോഡിൽ കൂടി പോകുന്ന ഇരുചക്രവാഹനയാത്രികരെയും റോഡരികിലൂടെ നടന്ന് പോകുന്ന കാൽനടയാത്രികരെയും അപകടപ്പെടുത്തുന്ന വിധത്തിലാണ് ബസുകൾ മൽസര ഓട്ടം നടത്തുന്നത്.
മഴക്കാലമായതോടെ റോഡിലെ വെള്ളക്കെട്ട് പോലും ശ്രദ്ധിക്കാതെ യാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചാണ് ബസുകൾ പായുന്നത്.സ്കൂൾ തുറക്കുന്നതോടെ ബസുകളുടെ മൽസര ഓട്ടം കൂടുതൽ അപകടങ്ങൾക്ക് കാരണമാകും.
എന്നാൽ പോലീസോ ആർടി ഉദ്യോഗസ്ഥരോ ബസുകളുടെ മൽസര ഓട്ടത്തിനെതിരെ നടപടി സ്വീകരിക്കാറില്ലന്നും സ്കൂൾ തുറക്കുമ്പോൾ പ്രധാന ജംഗ്ഷനുകളിലും സ്കൂളുകൾ മുന്നിലും പോലീസിന്റെ സാന്നിധ്യം ഉണ്ടാകണമെന്നുമാണ് പൊതുജനങ്ങളുടെ ആവശ്യം.