സഹകരണ പ്രസ്ഥാനങ്ങളെ സിപിഎം കൊള്ളയടിക്കുന്നു: പി. രാജേന്ദ്രപ്രസാദ്
1438437
Tuesday, July 23, 2024 6:54 AM IST
പുനലൂർ: സഹകരണ പ്രസ്ഥാനങ്ങളെ അക്രമം നടത്തിയും ബൂത്ത് പിടിത്തം നടത്തിയും കള്ള വോട്ട് ചെയ്തും ഭരണം പിടിക്കുന്നത് പണം കൊളളയടിക്കുന്നതിനു വേണ്ടിയാണെന്ന് ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്.
മാത്ര സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ബൂത്ത് പിടിത്തം നടത്തി കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചെന്ന് ആരോപിച്ച് മാത്ര ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അക്രമ രാഷ്ട്രീയ സംസ്കാരം പഠിപ്പിച്ചു കൊണ്ടാണ് കുട്ടികളെ വളർത്തുന്നത്. അനുഭവങ്ങൾ കൊണ്ട് പഠിക്കാൻ സിപിഎം തയാറാകുന്നില്ല. എല്ലാ ക്രിമിനലുകൾക്കും കടന്ന് ചെല്ലാനുള്ള ഇടത്താവളമാണ് സിപിഎം.
കരുവന്നൂർ, കണ്ടല ബാങ്കുകൾ കൊള്ളയടിച്ചതുപോലെ മാത്ര ബാങ്കും എൽഡിഎഫ് തകർക്കും. അതിന് കൂട്ടുനിൽക്കാൻ സഹകാരികൾ തയാറാകരുതെന്ന് രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് അയൂബ് വെഞ്ചേമ്പ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം.എം നസീർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ ഏരൂർ സുഭാഷ്, കെ. ശശിധരൻ, സഞ്ജയ്ഖാൻ, സഞ്ചു ബുഖാരി, സി. വിജയകുമാർ, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വെഞ്ചേമ്പ് സുരേന്ദ്രൻ, ഷിബു ബെഞ്ചമിൻ, ലതികമ്മ, യോഹന്നാൻ കുട്ടി, സരസ്വതി പ്രകാശ്, സി.കെ. പുഷ്പരാജൻ, ജിഷാ മുരളി, ലതിക, ലക്ഷ്മി, ഷിബു വെഞ്ചേമ്പ് എന്നിവർ പ്രസംഗിച്ചു.