വിളക്കുപാറയിൽ പാതയിൽ രക്തം: ദുരൂഹതയെന്ന് നാട്ടുകാര്‍
1460781
Saturday, October 12, 2024 5:50 AM IST
അഞ്ചല്‍: പാതയിലും കടവരാന്തയിലും രക്തം കണ്ടതിൽ ദുരൂഹതയെന്ന് നാട്ടുകാര്‍. ഏരൂര്‍ പഞ്ചായത്തിലെ വിളക്കുപാറയിലെ പ്രധാന പാതയിലും കടവരാന്തകളിലുമാണ് വലിയ തോതില്‍ രക്തം കണ്ടത്. പുലര്‍ച്ചെ പാല് കൊടുക്കുന്നതിനായി എത്തിയവരാണ് കടവരാന്തകളില്‍ രക്തം കണ്ടെത്തിയത്.
ഉടന്‍ കടയുടമയേയും പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഏരൂര്‍ പോലീസ് പ്രാഥമിക പരിശോധന നടത്തി.
പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ഒരു തെരുവ് നായയെ ബൈക്ക് തട്ടുന്നതായി കണ്ടെത്തുകയും ചെയ്തു. നായയിൽ നിന്ന് രക്തം വീണതാകാമെന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍ ഇതിനെ നാട്ടുകാര്‍ തള്ളുകയാണ്. സിസിടിവിയില്‍ കാണുന്ന നായ്ക്ക് കാര്യമായ പരിക്കില്ല.
കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യ മൃഗങ്ങളെയോ, സമീപത്തെ ഓയില്‍പാം തോട്ടത്തില്‍ മേയാനായി എത്തിയ പശുക്കളെയോ കൊന്നു കടത്തിയതാകാമെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.
സമീപ പ്രദേശത്ത് ഏതാനും നാളുകള്‍ക്ക് മുമ്പ് സമാനമായി സംഭവിച്ചിരുന്നു. ഇക്കാര്യത്തില്‍ പോലീസ് വ്യക്തത വരുത്തണമെന്നും അന്വേഷിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.