ഒന്‍പത് വളർത്താടുകളെ അജ്ഞാത ജീവി ആക്രമിച്ചു കൊന്നു
1243169
Friday, November 25, 2022 10:25 PM IST
റാന്നി: അജ്ഞാത ജീവിയുടെ ആക്രമണത്തിൽ റാന്നി ഈട്ടിച്ചുവട് ഏഴോലിയിൽ ആടുകള്‍ കൂട്ടത്തോടെ ചത്തു.
ഏഴോലി വലിയകാലായിൽ മാത്യൂസ് ഏബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ഒമ്പത് ആടുകളെയാണ് വ്യാഴാഴ്ച രാത്രി അജ്ഞാത ജീവികൾ കൊന്നത്. റബര്‍ തോട്ടത്തിന് മധ്യത്തിലുള്ള ആൾത്താമസമില്ലാത്ത വീടിന്റെ സമീപത്തുള്ള കൂട്ടിൽ വളർത്തിയിരുന്ന പത്തോളം ആടുകളിൽ ഒമ്പതിനെയും ഇന്നലെ രാവിലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തൂണിൽ ബന്ധിക്കാതിരുന്ന ആട്ടിൻകുട്ടിയാണ് രക്ഷപ്പെട്ടത്.
സംഭവമറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നാട്ടിൽ ഇറങ്ങിയിട്ടുള്ള നരികുറുക്കൻ പോലെയുള്ള ജീവിയാണ് ആക്രമണം നടത്തിയതെന്നു സംശയിക്കുന്നതായി വനം റേഞ്ച് ഓഫീസർ പറഞ്ഞു.
നരികുറുക്കൻ ജനവാസ മേഖലയിൽ ഇപ്പോൾ സർവസാധാരണമായിട്ടുണ്ട്. ഇവ വളർത്തുനായ്ക്കളെ അടക്കം വൻതോതിൽ ആക്രമിച്ചിരുന്നു.
സംഭവത്തെത്തുടര്‍ന്ന് പ്രദേശത്തെ കര്‍ഷകര്‍ കടുത്ത ആങ്കയിലാണ്. ഏഴോലിയോടു ചേര്‍ന്നു കിടക്കുന്ന വലിയകാവ് സംരക്ഷിത വനത്തില്‍ നിന്നുമാകാം ജീവികള്‍ എത്തിയതെന്നും നാട്ടുകാര്‍ പറയുന്നു.
സംഭവത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ആടുകളുടെ ജഡം വെറ്ററിനറി ഡോക്ടറുടെ സാന്നിധ്യത്തിൽ പോസ്റ്റുമോര്‍ട്ടം നടത്തി മറവു ചെയ്തു.
ഒന്നര മാസം മുമ്പ് പുലിയുടെ സാദൃശ്യത്തിലുള്ള ഒരു ജീവിയെ ഈ ഭാഗത്തു കണ്ടിരുന്നതായി പറയുന്നു. ആട്ടിൻ തൊഴുത്തിൽ നിന്നും അന്‍പതു മീറ്റർ ദൂരം വരെ ആടുകൾ ചത്തു കിടന്നതാണ് സംശയം വർധിപ്പിച്ചത്. മിക്ക ആടുകളുടെയും കഴുത്തിനും വയറിനുമാണ് മുറിവേറ്റിരിക്കുന്നത്. ആക്രമിച്ച മൃഗം കൊലപ്പെടുത്തിയ ആടിനെ ഭക്ഷിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.