കവിയൂർ മുൻ പ്രസിഡന്റിനെ വോട്ടർപട്ടികയിൽ വെട്ടിയ നടപടി റദ്ദ് ചെയ്ത് ഉത്തരവ്
1592145
Wednesday, September 17, 2025 3:28 AM IST
പത്തനംതിട്ട: കവിയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റിന്റെ പേര് പട്ടികയിൽ വീണ്ടും ഉൾപ്പെടുത്താൻ ഉത്തരവായി. കവിയൂർ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിലെ വോട്ടർപട്ടികയിൽ കരടു പ്രസിദ്ധീകരിച്ചപ്പോൾ ലിസ്റ്റിൽ ഉണ്ടായിരുന്ന മുൻ പഞ്ചായത്ത് പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് അംഗവുമായ ടി. കെ. സജീവിന്റെ പേര് ഇലക്ടറൽ രജിസ്ട്രേഷൻഓഫീസർ കൂടി ആയ സെക്രട്ടറി ഒഴിവാക്കിയ നടപടി റദ്ദു ചെയ്തു പഞ്ചായത്ത് ജോയിന്റ് ഡയറക്ടറാണ് ഉത്തരവിട്ടത്.
2000 മുതൽ തുടർച്ചയായ അഞ്ചു പഞ്ചായത്തു തെരഞ്ഞെടുപ്പുകളിലും ടി. കെ. സജീവ് മത്സരിച്ചപ്പോൾ വോട്ടർ പട്ടികയിൽ പേരു നിലനിന്നിരുന്ന വാർഡിലെ പട്ടികയിൽ നിന്നാണ് വെട്ടിമാറ്റിയതെന്ന് അപ്പീലിൽ കണ്ടെത്തി. സാധാരണ താമസക്കാരൻ എന്ന നിലയിൽ ഹാജരാക്കിയ രേഖകളും പോസ്റ്റ് ഓഫീസിൽ നിന്നും മേൽവിലാസത്തിൽ ലഭിക്കുന്ന തപാൽ ഉരുപ്പടികളും കവിയൂർ പഞ്ചായത്തിൽ മറ്റൊരു മേൽവിലാസം ഇല്ലായെന്നും ബോധ്യപ്പെട്ടതായി ഉത്തരവിൽ പറയുന്നു.
ലോക്സഭ, നിയമസഭാംങ്ങൾക്കും വിവിധ തലത്തിലുള്ള പഞ്ചായത്തുകൾ, മുനിസിപ്പൽ കൗൺസിലുകൾ, കോർപറേഷനുകൾ എന്നിവയിലെ അംഗങ്ങൾ , അംഗമെന്ന അവരുടെ ചുമതലകൾ കാരണം അവരുടെ സാധാരണ താമസ സ്ഥലത്തല്ലെങ്കിൽ കൂടി അവരുടെ സ്വന്തം നിയോജകമണ്ഡലത്തിൽ രജിസ്റ്റർ ചെയ്യാം എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശം ഉണ്ടായിരുന്നതുകൂടി അവഗണിച്ചാണ് രജിസ്ട്രഷൻ ഓഫീസർ കൂടിയായ പഞ്ചായത്ത് സെക്രട്ടറി വോട്ടർ പട്ടികയിൽ നിന്നും നിലവിൽ പഞ്ചായത്ത് അംഗമായ ടി. കെ. സജീവിനെ ഒഴിവാക്കിയിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതംഗീകരിക്കാൻ കഴിയില്ലെന്ന് അപ്പീൽ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ എടുത്തു കാട്ടിയിട്ടുണ്ട്.
സെക്രട്ടറിക്കെതിരേ നടപടി ആവശ്യപ്പെടും
കവിയൂർ പഞ്ചായത്ത് സെക്രട്ടറി എടുത്ത നിയമവിരുദ്ധ നടപടിക്കെതിരേ അപ്പീൽ അനുവദിച്ചു തന്റെ വോട്ടവകാശം പുനഃസ്ഥാപിക്കുന്നതിനുത്തരവിട്ട സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അപ്പീലധികാരിയുടെ നടപടിയെ ടി. കെ. സജീവ് സ്വാഗതം ചെയ്തു.
കവിയൂർ ഗ്രാമപഞ്ചായത്തിൽ വ്യാജ പരാതികളുടെ അടിസ്ഥാനത്തിൽ നിരവധി വോട്ടർമാർക്ക് അറിയിപ്പ് പോലും നൽകാതെ വോട്ടവകാശം നിഷേധിച്ചിട്ടുള്ളതായി അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് നടപടികളിൽ സ്വാധീനത്തിനു വഴങ്ങിയ കവിയൂർ പഞ്ചായത്ത് സെക്രട്ടറിക്ക് എതിരേ നിയമപരമായി അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്കു പരാതി നൽകിയിട്ടുള്ളതായും ടി. കെ. സജീവ് അറിയിച്ചു.
ഭരണ സ്വാധീനമുള്ള ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സംസ്ഥാനത്തു പലയിടങ്ങളിലും തദ്ദേശ സ്ഥാപന വോട്ടർപട്ടികയിൽ വ്യാപകമായ തിരിമറി നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.