തിരുവല്ലയിലെ പൊതുശ്മശാനം പ്രവർത്തനം നിലച്ചു
1592156
Wednesday, September 17, 2025 3:40 AM IST
തിരുവല്ല: നഗരസഭയിലെ പൊതുശ്മശാനം വീണ്ടും പണിമുടക്കി. യന്ത്രത്തകരാറാണ് ഇത്തവണയും ദുരിതമായത്. ഇതോടെ മറ്റിടങ്ങളില്‍ എത്തിച്ചാണ് മൃതദേഹം സംസ്കരിക്കുന്നത്.
പ്രശ്നത്തില്‍ നഗരസഭയും വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ ഒന്‍പതിനാണ് സംസ്കരിക്കുന്ന യന്ത്രത്തിന്റെ മോട്ടര്‍ തകരാറിലായത്.
ഗ്യാസ് ചേംബറിന് ഉള്ളിലേക്ക് മൃതദേഹങ്ങള്‍ കടത്തി വിടുന്ന സംവിധാനവും തകരാറിലാണ്. പുകക്കുഴൽ ഒടിഞ്ഞു വീണതിനെ തുടർന്ന് കഴിഞ്ഞയിടെ ശ്മശാനം പ്രവർത്തനം തടസപ്പെട്ടിരുന്നു.
നിലവില്‍ മൃതദേഹം സംസ്കരിക്കുവാന്‍ നഗരാതിര്‍ത്തിയില്‍ ഉള്ളവര്‍ ചങ്ങനാശേരി നഗരസഭയുടേയും മറ്റ് പഞ്ചായത്തുകളുടെയും ശ്മശാനങ്ങളുടെ സഹായം തേടുകയാണ്.
എട്ടുവര്‍ഷം മുന്‍പാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്മശാനം വാതകത്തിലേക്ക് മാറുന്നത്. 50 ലക്ഷം രൂപ ചെലവിട്ട് ആദ്യം നിര്‍മിച്ച വൈദ്യുതി ശ്മശാനം കാര്യമായി പ്രവര്‍ത്തിക്കാത്തതിനാൽ വീണ്ടും 30 ലക്ഷം രൂപ മുടക്കിയാണ് വാതക ശ്മശാനമാക്കിയത്.
കോവിഡ് കാലത്ത് ഒട്ടേറെ മൃതദേഹങ്ങള്‍ ഇവിടെ കൊണ്ടുവന്ന് സംസ്കരിച്ചിരുന്നു. പിന്നീട് ഒന്നര വര്‍ഷം മുന്‍പാണ് ഇതിന്റെ പ്രവര്‍ത്തനം തടസപ്പെട്ടത്. തിരുവല്ല നഗരസഭ പ്രദേശത്തെയും സമീപ പഞ്ചായത്തുകളിലെയും ഭൂരഹിതരും നാമമാത്ര ഭൂമിയുള്ളവരുമാണ് പ്രധാനമായും ശാന്തികവാടത്തെ ആശ്രയിക്കുന്നത്.