പുനരൈക്യ വാര്‍ഷികം : സംഗമത്തിനു തിരി തെളിഞ്ഞു; അടൂര്‍ ഇനി വിശ്വാസസംഗമ ഭൂമി
1592143
Wednesday, September 17, 2025 3:28 AM IST
അടൂർ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ വാര്‍ഷിക സഭാ സംഗമത്തിന് അടൂരില്‍ പതാക ഉയര്‍ന്നു. ദീപശിഖ പ്രതിഷ്ഠിച്ചു. ഇനിയുള്ള ദിനങ്ങള്‍ അടൂര്‍ മാര്‍ ഈവാനിയോസ് നഗര്‍ വിശ്വാസ സംഗമ ഭൂമിയാകും. തിരുവചന സത്യങ്ങളെ ധ്യാനിച്ചും പ്രാര്‍ഥനയിലും ആരാധനയിലും വിശ്വാസത്തെ അരക്കിട്ടുറപ്പിക്കാന്‍ ലക്ഷ്യംവച്ചുള്ള പുനരൈക്യ സംഗമത്തിന് ഇന്നലെ വൈകുന്നേരമാണ് സഭാധ്യക്ഷന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവയുടെ നേതൃത്വത്തില്‍ തുടക്കമായത്.
സഭയിലെ ബിഷപ്പുമാരും വൈദികരും സന്യസ്തരും വിശ്വാസികളും അടക്കം വന്‍ ജനാവലിയുടെ സാന്നിധ്യവുമുണ്ടായി. ആതിഥേയ രൂപതയ്ക്കുവേണ്ടി രൂപതാധ്യക്ഷന്‍ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ പ്രയാണങ്ങളെ സ്വീകരിച്ചു.
നേരത്തെ വിവിധ രൂപതകളില്‍നിന്നും വൈദികജില്ലകളില്നിന്നുമുള്ള പ്രയാണങ്ങള്‍ അടൂര്‍ തിരുഹൃദയ പള്ളിയോടു ചേര്‍ന്നു സെന്‍ട്രല്‍ ജംഗ്ഷനില്‍ സംഗമിച്ചു. തിരുവനന്തപുരം മേജര്‍ അതിരൂപതയില്‍നിന്നെത്തിയ ദീപശിഖാ പ്രയാണവും മാവേലിക്കരയിലെ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ ജന്മഗൃഹത്തില്നിന്ന് എത്തിയ അദ്ദേഹത്തിന്റെ ഛായാചിത്രവും തിരുവല്ല അതിഭദ്രാസനത്തില്‍നിന്ന് എത്തിച്ച മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ ഛായാചിത്രവും പത്തനംതിട്ട രൂപതയിലെ വിവിധ വൈദികജില്ലകളില്നിന്നുള്ള പ്രയാണങ്ങളുമാണ് അടൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ സംഗമിച്ച് നീങ്ങിയത്.
നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെയാണ് ആനന്ദപ്പള്ളി റോഡിലൂടെ സമ്മേളന നഗറിലേക്കു കടന്നത്. എംസിവൈഎം പ്രവര്‍ത്തകര്‍ പ്രയാണങ്ങള്‍ക്കു മുഖ്യചുമതല വഹിച്ചു.
കാതോലിക്കാ പതാക പെരുനാട്ടില്‍ നിന്നെത്തിച്ചു
മലങ്കര കത്തോലിക്കാ സഭയിലെ പുനരൈക്യവുമായി ചരിത്ര പ്രാധാന്യമുള്ള റാന്നി പെരുനാട് കുരിശുമല മാമ്പാറ ദേവാലയത്തില്‍നിന്നാണ് സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കാതോലിക്കാ പതാക എത്തിച്ചത്. കുരിശുമല പള്ളിയില്‍ രൂപതവികാരി ജനറാള്‍ മോൺ. വര്‍ഗീസ് മാത്യു കാലായില്‍ വടക്കേതില്‍ കതോലിക്ക പതാക പ്രയാണം ഫ്ളാഗ് ഓഫ് ചെയ്ത് പ്രയാണത്തിന്റെ രൂപതാതല ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ.ഏബ്രഹാം മേപ്പുറത്ത്, ഫാ. വര്‍ഗീസ് കൂത്തിനേത്ത്, എംസിവൈഎം രൂപതാ ഡയറക്ടര്‍ ഫാ. ജോബ് പതാലിൽ, ഫാ. സ്കോട്ട് സ്ലീബ പുളിമൂടൻ, രൂപത പ്രസിഡന്റ് ബിപിന്‍ ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്കി.
പത്തനംതിട്ട രൂപതയില്‍നിന്നും വള്ളിക്കുരിശ് പ്രയാണം സീതത്തോട്ടില്നിന്നും ബൈബിള്‍ പ്രയാണം കോന്നി വൈദികജില്ലയില്നിന്നുമാണ് ആരംഭിച്ചത്. പത്തനംതിട്ട വൈദികജില്ലയില്നിന്നും ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രീഗോറിയോസിന്റെ ഛായാചിത്രവും എത്തിച്ചു.
ഈ പ്രയാണങ്ങള്‍ പത്തനംതിട്ട കത്തീഡ്രലില്‍ സംഗമിച്ചശേഷം അടൂരിലേക്കു നീങ്ങി. സിറില്‍ ബസേലിയോസ് കാതോലിക്കാ ബാവയുടെ ഛായാചിത്രവുമായി പന്തളം രൂപതയിലെ പ്രയാണവും അടൂരിലെത്തിച്ചേര്ന്നു.