ഹണിട്രാപ്പ് പീഡനത്തിനു പിന്നില്‍ ജയേഷിന്റെ പ്രതികാരം
1592151
Wednesday, September 17, 2025 3:28 AM IST
ഭാര്യയെ ഭീഷണിപ്പെടുത്തി കൃത്യങ്ങള്‍ ചെയ്യിപ്പിച്ചു
കോഴഞ്ചേരി: സുഹൃത്തുക്കളായി ഒപ്പം കൂടിയവരില്‍ ഭാര്യ സ്ഥാപിച്ചെടുത്ത അവിഹിത ബന്ധത്തില്‍ പ്രകോപിതനായി ജയേഷ് തയാറാക്കിയ പദ്ധതിയിലാണ് കോയിപ്രത്തെ ക്രൂരപീഡനങ്ങള്‍ നടന്നതെന്ന നിഗമനത്തിലേക്കു പോലീസ്. ഊഹാപോഹങ്ങള്‍ക്ക് അറുതിവരുത്തി കോയിപ്രം പീഡനകഥയ്ക്കു പിന്നിലെ കാരണങ്ങള്‍ അന്വേഷണസംഘം ഉടന്‍ വെളിപ്പെടുത്തും. ജയേഷും രശ്മിയും നല്കിയ മൊഴികളും മൊബൈല്‍ഫോണില്‍നിന്നു ലഭിച്ച ദൃശ്യങ്ങളും ആധാരമാക്കിയാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.
ചങ്ങാതിമാരുടെ ചതി
ഉറ്റ ചങ്ങാതിമാരായി ഒപ്പം കൂടിയവര്‍ക്കു സ്വന്തം വീട്ടില്‍ എന്തിനുമേതിനും സ്വാതന്ത്ര്യം നല്‍കിയിരുന്നു. പിന്നീട് അവര്‍ തന്നെ വഞ്ചിച്ചതായി മനസിലാക്കി ജയേഷ് പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഭാര്യയെ ഭീഷണിപ്പെടുത്തി ഒപ്പം നിര്‍ത്തി. തുടർന്നാ ണ് റാന്നി, ആലപ്പുഴ സ്വദേശികളെ ക്രൂരമായി പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
കോയിപ്രം പുല്ലാട് കുറവന്‍കുഴി ആന്താലിമണ്‍ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് രണ്ട് യുവാക്കളെ അതിക്രൂരമായി മര്‍ദിക്കുകയും സൈക്കോ ശൈലിയിൽ പീഡിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ റിമാന്‍ഡിലുള്ളത്.
മാനക്കേടു ഭയന്ന് ചികിത്സ പോലും തേടാതെ കഴിഞ്ഞ യുവാക്കള്‍ ആദ്യം നല്കിയ മൊഴികളും കുറ്റാരോപിതരായ ജയേഷിനും രശ്മിക്കും ആദ്യം തുണയായി. പോലീസ് അന്വേഷണത്തിലൂടെ കഥകള്‍ പുറത്തുവന്നതോടെ യുവാക്കള്‍ സത്യാവസ്ഥ തുറന്നുപറഞ്ഞു. ഇന്നലെ ഇവരെ സ്ഥലത്തെത്തിച്ചു തെളിവെടുത്തു.
പക വീട്ടൽ
നിഴൽ പോലെ കൂടെ നടന്ന സുഹൃത്തുക്കളും വിശ്വസിച്ച ഭാര്യയും കാണിച്ച കൊടുംചതിക്ക് അതേ നാണയത്തില്‍ പക വീട്ടുകയായിരുന്നു ജയേഷെന്നു പറയുന്നു. ഇവരെ രണ്ടു പേരെ മാത്രമേ ജയേഷ് ക്രൂരപീഡനത്തിന് ഇരയാക്കിയിട്ടുള്ളെന്നാണ് സൂചന. അത് ഭാര്യ രശ്മിയെക്കൊണ്ട് ചെയ്യിപ്പിച്ചത് അവര്‍ക്കുള്ള ശിക്ഷയായിട്ടാണ്.
റാന്നി കക്കുടുമണ്‍ സ്വദേശിയുടെ മൊഴി കാരണം അല്പം വഴി തെറ്റിയെന്നതൊഴിച്ചാല് അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണെന്നും പോലീസ് പറഞ്ഞു.
13 വര്‍ഷത്തിലേറെയായി ജയേഷും റാന്നി സ്വദേശിയും ചങ്ങാതിമാരാണ്. ഇവര്‍ ഒന്നിച്ചാണ് ജോലിക്കു പോയിരുന്നത്. ഏതു സമയത്തും ജയേഷിനെ തേടി രശ്മി വിളിച്ചു കൊണ്ടിരുന്നത് ഇയാളുടെ ഫോണിലേക്കാണ്.
സമീപകാലത്ത് വന്ന് ഇവര്‍ക്കൊപ്പം ചേര്‍ന്നതാണ് ആലപ്പുഴ നീലംപേരൂര്‍ സ്വദേശിയും റാന്നി സ്വദേശിയുടെ ബന്ധുവുമായ പത്തൊന്പതുകാരന്. റാന്നി സ്വദേശിയെ തിരുവോണ ദിവസവും ആലപ്പുഴ നീലംപേരൂര്‍ സ്വദേശിയെ ഒന്നിനുമാണ് വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചത്.
വീഡിയോ പ്രകോപനം
രശ്മിയും റാന്നി സ്വദേശിയുമായുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോയും നീലംപേരൂര്‍ സ്വദേശിയുമായുളള ചാറ്റും കണ്ടതാണ് ജയേഷിനെ പ്രകോപിപ്പിച്ചത്. ആകെ ഭയന്ന രശ്മിക്കു ജയേഷിനെ അനുസരിക്കുകയല്ലാതെ മറ്റു മാര്‍ഗം ഇല്ലായിരുന്നു. നിഴലു പോലെ നടന്ന ചങ്ങാതിമാര്‍ വിശ്വാസവഞ്ചന കാണിച്ചത് ജയേഷിനു സഹിക്കാനാവുമായിരുന്നില്ല.
ആലപ്പുഴ സ്വദേശിയായ പത്തൊന്‍പതുകാരനുമായി രശ്മി ചാറ്റിംഗ് നടത്തിയിരുന്നെങ്കിലും ഇയാളുമായി യുവതിക്കു ശാരീരിക ബന്ധം ഉണ്ടായിരുന്നില്ല. രശ്മിയുടെ ഫോണില്‍നിന്നു പത്തു വീഡിയോകള്‍ പോലീസ് കണ്ടെടുത്തു. ഇവയെല്ലാം അവിഹിത ബന്ധത്തിന്റേതടക്കമുള്ളതാണ്. പീഡന ദൃശ്യങ്ങളും ഇതില്‍ കണ്ടെടുത്തിട്ടുണ്ട്.
ജയേഷിന്റെ ഫോണിന്റെ ലോക്ക് തുറക്കാനായിട്ടില്ല. ശരീരമാസകലം മുറിവും ക്ഷതവുമേറ്റ റാന്നി സ്വദേശി പോലീസിന് ആദ്യം നല്കിയ മൊഴികള്‍ മുഴുവന്‍ കളവായിരുന്നു. ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ സ്റ്റാപ്ലെര്‍ അടിച്ചുകയറ്റിയിരുന്നതിനാല് ചികിത്സ തേടാന്‍ പോലും മടിച്ചിരുന്നു. വഴിയരികില്‍ അവശനിലയില്‍ കിടന്ന ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ജയേഷ് പോക്സോ കേസില്‍ പ്രതി
2016ല്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ ജയേഷ് പ്രതിയാണെന്നു പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമത്തിലാണ് ഇയാള്‍ പ്രതിയായിരിക്കുന്നത്. ജയേഷ് വിവാഹിതനായെങ്കിലും കേസിന്റെ വിചാരണ ഇപ്പോഴും കോടതിയില്‍ നടക്കുകയാണ്. ആറന്മുള എസ്ഐ വിഷ്ണുവിന്റെ പഴുതടച്ചുള്ള അന്വേഷണം യഥാര്‍ഥ പ്രതികളിലേക്കും സംഭവങ്ങളിലേക്കുമെത്തി.
ആഭിചാരവും ദുര്‍മന്ത്രവാദവും ഹണിട്രാപ്പുമൊക്കെ കേസിൽനിന്നു രക്ഷപ്പെടാന്‍ വേണ്ടി മെനഞ്ഞ കഥകളാണ്. രണ്ടു യുവാക്കളെ മാത്രമാണ് മര്ദിച്ചിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. നിലവില്‍ കേസിന്റെ അന്വേഷണം കോയിപ്രം പോലീസിനാണ്. പ്രത്യേക സംഘം ഇത് ഏറ്റെടുക്കും.