വഴിയോര കടകൾ ഒഴിപ്പിച്ചു
1592152
Wednesday, September 17, 2025 3:28 AM IST
അടൂർ: അനധികൃതമായി റോഡരികു കൈയേറി കച്ചവടം നടത്തിയിരുന്ന വഴിയോര കടകൾ അടൂർ നഗരസഭ ഒഴിപ്പിച്ചു. അടൂർ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ മൂന്ന് കടകളാണ് ഒഴിപ്പിച്ചത്. രണ്ട് പഴക്കടകളും ഒരു തട്ടുകടയുമാണ് ഒഴിപ്പിച്ചത്.
ട്രാഫിക് നിയന്ത്രണത്തിന്റെ യും നഗര സൗന്ദര്യവത്കരണത്തിന്റെയും ഭാഗമായിട്ടാണ് ഒഴിപ്പിക്കൽ നടപടികൾ നടന്നതെന്ന് അടൂർ നഗരസഭാ ചെയർമാൻ കെ.മഹേഷ് കുമാർ പറഞ്ഞു. വർഷങ്ങളായി ട്രാഫിക് ഉപദേശക സമിതിയും താലൂക്ക് വികസന സമിതിയുമൊക്കെ അടൂരിലെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ചില ഭാഗത്തെ കടകൾ ഒഴിപ്പിച്ചുവെങ്കിലും അടൂർ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ പഴക്കടകൾ ഒഴിപ്പിക്കാൻ സാധിച്ചിരുന്നില്ല.
ഇത് നഗരസഭ ഭരണ സമിതിയിലും എൽഡിഎഫിനുള്ളിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ അടുത്തയിടെ നഗരത്തിൽ വരുത്തിയ ട്രാഫിക് നിയന്ത്രണങ്ങളുടെ ഭാഗമായി കെഎസ്ആർടിസി ഭാഗത്തെ ബസ് ബേയിൽ മാറ്റം വരുത്തിയിരുന്നു.എന്നാൽ ഇപ്പോൾ ഒഴിപ്പിച്ച കടകൾ നിൽക്കുന്ന ഭാഗം കൂടി ഒഴിപ്പിച്ചാൽ മാത്രമേ ട്രാഫിക് ക്രമീകരണം പൂർത്തിയാകുകയുള്ളൂവെന്നായിരുന്നു നിഗമനം.
അടൂർ നഗരത്തിൽ ഗവ.യുപി സ്കൂളിനു മുന്നിലെ നടപ്പാതയിൽ കാൽനട യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്ന തരത്തിൽ വ്യാപാരം ഇപ്പോഴുമുണ്ട്. ഞായർ ദിവസം നടപ്പാതയിൽ നിരവധി വഴിയോര കച്ചവടക്കാർ തമ്പടിക്കാറുള്ളതു കാരണം കാൽനടയാത്ര ദുഷ്കരമാണ്.