ലഹരിവിരുദ്ധ ദിനാചരണം: 32 കിലോഗ്രാം കഞ്ചാവ് പോലീസ് നശിപ്പിക്കും
1570298
Thursday, June 26, 2025 3:25 AM IST
പത്തനംതിട്ട: അന്താരാഷ്ട ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഇന്നു രാവിലെ 9.30ന് ജില്ലാ പോലീസ് ആസ്ഥാനത്ത് കഞ്ചാവ് കത്തിക്കും. കഴിഞ്ഞ മൂന്നുവർഷം ജില്ലയിലെ ആറ് പോലീസ് സ്റ്റേഷൻ പരിധികളിൽ പിടിച്ചെടുത്തു സൂക്ഷിക്കുന്ന 32 .414 കിലോ കഞ്ചാവാണ് ജില്ലാ പോലീസ് മേധാവിയുടെ സാന്നിധ്യത്തിൽ നശിപ്പിക്കുന്നത്.
11 ന് ജില്ലാ പോലീസ് ആസ്ഥാനത്ത് ലഹരിക്കെതിരായ പ്രതിജ്ഞയെടുക്കും. ജില്ലാ പോലീസ് കാര്യാലയത്തിലെ ജീവനക്കാർ, വിവിധ പോലീസ് യൂണിറ്റുകൾ, ഡിഎച്ച് ക്യു ക്യാമ്പ്, ടെലികോം യൂണിറ്റ്, വനിതാ സെൽ, വനിതാ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രതിജ്ഞചൊല്ലും.
ഇതേസമയം തന്നെ ജില്ലയിലെ എല്ലാ എസ്പിസി സ്കൂളുകളിലും കേഡറ്റുകളും മറ്റു വിദ്യാർഥികളും ലഹരി വിരുദ്ധപ്രതിജ്ഞഎടുക്കും. 11.30 ന് എസ്പിജിയുടെ ആഭിമുഖ്യത്തിൽ സഭാഹാളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ ബോധവത്കരണവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടക്കും.
എസ്പിസി, എസ്പിജി, ജനമൈത്രി പോലീസ് എന്നിവയുടെ ജില്ലാ നോഡൽ ഓഫീസറായ അഡിഷണൽ എസ്പി പി.വി.ബേബിയുടെ നേതൃത്വത്തിലാണ് മുക്തി 2025 എന്ന പേരിൽ എസ്പിസിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ ലഹരി വിരുദ്ധ ദിനാചരണം നടക്കുന്നത്. ജില്ലയിലെ അഞ്ച് പോലീസ് സബ് ഡിവിഷനുകളിലെ പ്രധാന സ്ഥലങ്ങളിൽ യോദ്ധാവ് നമ്പർ രേഖപ്പെടുത്തിയ ബാനറുകൾ സ്ഥാപിച്ചു.
സ്കൂൾ കോളജ് കേന്ദ്രീകരിച്ച് പോലീസ് സ്റ്റേഷൻ തലത്തിൽ ബോധവത്ക രണ റാലി, ഫ്ലാഷ് മോബ്, തെരുവ് നാടകം, ചിത്രരചന, ഉപന്യാസരചന, കാർട്ടൂൺ രചന, പ്രശ്നോത്തരി എന്നിവ നടത്തും. എസ് പി സി എസ് പി ജി കുട്ടികൾക്ക് ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ അല്ലെങ്കിൽ റീൽസ് നിർമിച്ചു സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കാവുന്നതാണ്.
ഇതിന് ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് എത്തുന്നവർക്ക് സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പരിപാടികളുടെ കോഓർഡിനേറ്റർ ജില്ലാ നർകോട്ടിക് സെൽ ഡിവൈസ് പി.ബി.അനിലാണ്.
അധ്യയന വർഷം ആരംഭിച്ചതിനു പിന്നാലെ തെരഞ്ഞെടുത്ത സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള വിവിധ ബോധവത്കരണപരിപാടികൾ നടന്നുവരികയാണെന്ന് ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ പറഞ്ഞു.
ദിനാചരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത പരിപാടികളാണ് ജില്ലയിൽ നടപ്പാക്കുന്നത്189 സ്കൂളുകളിൽ ബോധവത്കരണ പരിപാടികൾ നടത്തി.
ജില്ലയിലെ എസ്പിജി, എസ്പിസി,ജനമൈത്രി പോലീസ് എന്നിവയെ ഏകോപിപ്പിച്ച്, ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണവും തടയുന്നതിന് ചെയ്യാൻ കഴിയുന്ന വിവിധ പരിപാടികളുടെ രൂപരേഖ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ തയാറാക്കിയിട്ടുണ്ട്.