മത്സ്യത്തൊഴിലാളി പാടത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ
1223938
Friday, September 23, 2022 10:27 PM IST
മങ്കൊമ്പ്: വലയിടാൻ പോയ മത്സ്യത്തൊഴിലാളിയെ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെളിയനാട് പഞ്ചായത്ത് വെട്ടുവേലിക്കളത്തിൽ ജോസഫ് ആന്റണി (അപ്പച്ചൻകുട്ടി-55) യാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലോടെ വീടിനു സമീപത്തെ ഒറവക്കണ്ടം പാടശേഖരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൽസ്യത്തൊഴിലാളിയായ അപ്പച്ചൻകുട്ടി വീടിനു സമീപത്തെ പുളിഞ്ചുവട് ജംഗ്ഷനിൽ ചായക്കച്ചവടം കൂടി നടത്തുന്നുണ്ട്. രാവിലെ ഒൻപതോടെ പാടശേഖരത്തിൽ ഉടക്കുവലിയിടുന്നതിനായി പോയതായി ബന്ധുക്കൾ പറയുന്നു.
ഉച്ചയായിട്ടും തിരികെ വീട്ടിലെത്താതിരുന്നതിനെത്തുടർന്ന് വീട്ടുകാരും സഹോദരങ്ങളും നടത്തിയ തെരച്ചിലിനൊടുവിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുഞ്ചകൃഷിക്കായി പമ്പിംഗ് നടക്കുന്ന പാടശേഖരത്തിൽ അരയറ്റം വെള്ളം മാത്രമാണുള്ളത്. തുടർന്ന് ബന്ധുക്കൾ രാമങ്കരി പോലീസിൽ വിവരമറിയിച്ചു.
മുതദേഹം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഭാര്യ: ജൈസമ്മ. മക്കൾ: ജോജോമോൻ, ജോജിമോൾ, ജോസ്മി. മരുമകൻ: മോബി ചാക്കോ.