കല്ലിശേരി സ്വകാര്യ ആശുപത്രിയിലെ മാലിന്യങ്ങൾ; പരാതിയുമായി നാട്ടുകാർ
1224189
Saturday, September 24, 2022 11:06 PM IST
ചെങ്ങന്നൂർ: കല്ലിശേരിയിലെ സ്വകാര്യ ആശുപത്രി കക്കൂസ് മലിന്യവും ആശുപത്രി മാലിന്യവും തുറസായ സ്ഥലത്തേക്ക് ഒഴുക്കുന്നതായും ഖരമാലിന്യങ്ങൾ മതിയായ മുൻകരുതലുകളെടുക്കാതെ കത്തിക്കുന്നതായും ആക്ഷേപം. സംഭവത്തിൽ സ്ത്രീകൾ ഉൾപ്പടെ നാട്ടുകാർ സംഘടിച്ചെത്തി ആശുപത്രിക്കു മുൻപിൽ പ്രതിഷേധിച്ചു.
ആശുപത്രിമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാതെ കുഴിയെടുത്ത് അതിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. ഈ മാലിന്യത്തിന്റെ ഊറ്റൽ സമീപത്തെ കിണറുകളിലേക്കും ശുദ്ധജല സ്രോതസുകളിലേക്കും എത്തിയതോടെ തങ്ങളുടെ കുടിവെളളം മുട്ടിയെന്ന് നാട്ടുകാർ പറയുന്നു. ഭരണകക്ഷിയിലെ ചില വ്യക്തികളുടെ സ്വധീനത്തെ തുടർന്ന് മതിയായ പരിശോധന നടത്താതെയാണ് ആശുപത്രിയുടെ പ്രവർത്തനത്തിന് അനുമതി നൽകിയതെന്നും ആരോപണമുണ്ട്. അശുപത്രിയിൽ സോക്ക്പിറ്റ് നിർമാണം പൂർത്തിയാക്കാതെയാണ് പ്രവർത്തനം ആരംഭിച്ചത്.
പ്രവർത്തനം ആരംഭിച്ച് ആറു മാസം കഴിഞ്ഞപ്പോഴേക്കും മാലിന്യപ്രശ്നം തുടങ്ങി. ആശുപത്രി മാലിന്യവും കക്കൂസ് മാലിന്യവും കലർന്ന ജലം ശരിയായ രീതിയിൽ ശുദ്ധികരിക്കാതെ ദുർഗന്ധം മാറ്റുന്നതിന് ചില കെമിക്കലുകൾ ചേർത്ത ശേഷം തുറസായ സ്ഥലത്തേക്ക് ഒഴുക്കിവിട്ടെന്നാണു പരാതി. ആശുപത്രി മാലിന്യം കലർന്ന ജലം കുടിച്ച് വളർത്തു മൃഗങ്ങൾ ചത്തുവീഴുകയും മരങ്ങൾ ഉണങ്ങുകയും ചെയ്യുന്നതായി സമീപ വാസികൾ പറഞ്ഞു. മാത്രമല്ല കുട്ടികൾക്കും പ്രായമായവർക്കും ശ്വാസതടസവും തൊക്കുരോഗങ്ങളും വർധിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകിയതിനുശേഷമാണ് ജനങ്ങൾ സംഘടിച്ചെത്തി പ്രതിഷേധ സമരം ആരംഭിച്ചത്.