കേന്ദ്രസേനയെ വിളിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം: ജാഗ്രതാ സമിതി
1245395
Saturday, December 3, 2022 10:59 PM IST
ചങ്ങനാശേരി: വിഴിഞ്ഞം പദ്ധതിപ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏല്പിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും പ്രശ്നപരിഹാരത്തിനു സത്വര നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് ജാഗ്രതാസമിതി. ശരിയായ പാരിസ്ഥിതിക അനുമതിയോടെയാണോ വിഴിഞ്ഞം പദ്ധതി മുന്നോട്ടുകൊണ്ടു പോകുന്നതെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. വിഴിഞ്ഞം വികസനം ഇരകളെ സൃഷ്ടിച്ചുകൊണ്ടാകരുത്.
നിലനില്‍പ്പിനു വേണ്ടിയുള്ള സമരങ്ങളെയൊക്കെ ദേശവിരുദ്ധമായും സാമൂഹ്യപ്രവര്ത്തകരെയൊക്കെ വിദേശപണം കൈപ്പറ്റുന്നവരായും തീവ്രവാദ ബന്ധമുള്ളവരായും ചിത്രീകരിക്കുന്നത് അപലപനീയമാണ്. ഇതു ലത്തീന്‍ സമുദായത്തിന്റെയോ ഏതാനും വൈദികരുടെയോ മാത്രം പ്രശ്നമായി ലഘൂകരിക്കാതെ മുഴുവന്‍ തീരദേശ ജനതയുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നമായി കാണേണ്ടതുണ്ട്.
ഓഖി ദുരന്തത്തിനു ശേഷവും വിഴിഞ്ഞം പദ്ധതിയുടെ പ്രാരംഭ സമയത്തും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര, പുനരധിവാസ പാക്കേജുകള്‍ എത്രമാത്രം നടപ്പിലാക്കി എന്നതിനെക്കുറിച്ചു ധവളപത്രം പുറപ്പെടുവിക്കണം.
ആറ് ആഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കും എന്നു പറഞ്ഞ വിഴിഞ്ഞം പാക്കേജ് ആറു വര്‍ഷം കഴിഞ്ഞിട്ടും നടപ്പിലാക്കാത്തതിന്റെ കാരണം പൊതുസമൂഹത്തിന് അറിയേണ്ടതുണ്ട്.