മടവീഴ്ചയുടെ ഉത്തരവാദിത്വം സർക്കാരിന്: കർഷക ഫെഡറേഷൻ
1245763
Sunday, December 4, 2022 10:55 PM IST
ആലപ്പുഴ: വേലിയേറ്റം മൂലമുള്ള മടവീഴ്ചക്കും കൃഷിനാശത്തിനും സർക്കാരാണ് ഉത്തരവാദിയെന്നും കൃഷിക്കാർക്ക് ഉണ്ടായ നാശനഷ്ടം തിട്ടപ്പെടുത്തി അടിയന്തരമായി പരിഹാരം കാണാത്തപക്ഷം സമരപരിപാടികളുമായി കർഷക ഫെഡറേഷൻ മുന്നോട്ടു വരുമെന്ന് സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു.
ശക്തമായ വേലിയേറ്റം മൂലമുള്ള വെള്ളപാച്ചിൽ തടഞ്ഞുനിർത്താൻ വേലിയേറ്റ-വേലിയിറക്കം നോക്കി തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ താഴ്ത്തുകയും ഉയർത്തുകയും ചെയ്തു വേലിയേറ്റത്തിന്റെ ദുരന്തത്തിൽ നിന്നും കൃഷിക്കാരെ രക്ഷിക്കേണ്ടതിനു പകരം ബണ്ടു തുറക്കൽ നീട്ടിവച്ചത് ഭരണകൂടത്തിന്റെ പിടിപ്പുകേടും ഉത്തരവാദിത്വരാഹിത്യവുമാണന്ന് ബേബി പാറക്കാടൻ പറഞ്ഞു.
സർക്കാരിന്റെ തെറ്റായ നയത്തിൽ പ്രതിഷേധിച്ച് കർഷക ഫെഡറേഷൻ നേതൃസമരസംഗമം നാളെ രാവിലെ 10.30 ന് ആലപ്പുഴ കളക്ടറേറ്റ് പടിക്കൽ സംഘടിപ്പിക്കുമെന്ന് കർഷക ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജോമോൻ കുമരകം പറഞ്ഞു.