മാന്നാർ സ്റ്റാൻഡിൽ കയറാത്ത ബസുകൾക്കെതിരേ ഭരണസമിതി
1246035
Monday, December 5, 2022 10:48 PM IST
മാന്നാർ: മാന്നാർ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ കയറാത്ത ബസുകൾക്കെതിരേ നടപടികളുമായി ഭരണസമിതി രംഗത്തിറങ്ങി. സ്റ്റാൻഡിൽ കയറാതെ പോകുന്ന ബസുകളുടെ പേരും നമ്പരും വിവരങ്ങളും രേഖപ്പെടുത്തി ചെങ്ങന്നൂർ ആർടിഒക്ക് പരാതി നൽകും. ഇതിനായി പഞ്ചായത്തിലെ ഒരു ജീവനക്കാരനെ ചുമതലപ്പെടുത്തി . പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ. പ്രസാദ് , സെക്രട്ടറി വർഗീസ് പി.എ., പഞ്ചായത്ത് ജീവനക്കാരൻ യശോധരൻ എന്നിവർ അടങ്ങുന്ന ടീമായിരുന്നു കയറിയ തെ പോയ വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചത്. വരുംദിവസങ്ങളിൽ പഞ്ചായത്ത് ജീവനക്കാരന്റെ സേവനം സ്റ്റോർ ജംഗ്ഷനിൽ ഉണ്ടാവും.
സ്റ്റാൻഡിൽ കയറാതെ പോകുന്ന കെഎസ്ആർടിസി ബസിന്റെ വിവരങ്ങൾ കെഎസ്ആർടിസി ഡിപ്പോയിൽ നല്കും. സ്റ്റോർ ജംഗ്ഷനിൽ കാമറാ സ്ഥാപിക്കുനത്തിന് പൊതുമരാമത്ത് ഇലട്രോണിക്സ് വിഭാഗത്തിനന്റെ സഹായത്തോടെ എസ്റ്റിമേറ്റ് നടപടികളും പൂർത്തികരിച്ചു .
ഉടൻതന്നെ കാമറയും സ്ഥാപിക്കുമെന്നും സെക്രട്ടറി അറിയിച്ചു.കായംകുളം -തിരുവല്ല സംസ്ഥാന പാതയിൽ മാന്നാർ സ്റ്റോർ ജംഗ്ഷനു സമീപമാണ് ബസ് സ്റ്റാൻഡ്. സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങൾ സ്റ്റാൻഡിൽ കയറാതെ പോകുന്നത് പതിവായതിനെ തുടർന്നാണ് പഞ്ചായത്തിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.