അപ്രതീക്ഷിത കടൽക്ഷോഭം: വീടുകൾ തകർന്നു, ആശങ്ക
1262489
Friday, January 27, 2023 10:36 PM IST
അമ്പലപ്പുഴ: അപ്രതീക്ഷിത കടൽക്ഷോഭത്തിൽ ഭയന്നു തീരദേശവാസികൾ. നാലു വീടുകൾ തകർന്നു. നിരവധി വീടുകൾ തകർച്ചാ ഭീഷണിയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15-ാം വാർഡ് വളഞ്ഞ വഴിയിലാണ് കടലിനു കലികയറിയത്. ബുധനാഴ്ച ഉച്ചയോടെ ആരംഭിച്ച കടൽക്ഷോഭം രാത്രിയോടെ അതിശക്തമായി. വ്യാഴാഴ്ചയും കടൽക്ഷോഭം തുടർന്നു. ഈ പ്രദേശത്തു പുതുവൽ മഹേഷ്, ലതിയമ്മ, സുഭാഷ് എന്നിവരുടെ വീടുകളാണ് കടലെടുത്തത്. ഏഴു വീടുകൾ ഏതു നിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയിലാണ്.
കടൽ കരയിൽ
പുതുവൽ സജീവന്റെ വീടിന്റെ മതിലും തകർന്നു. ഇവിടെ 100 മീറ്ററോളം ദുരത്തിൽ കടൽ കരയിലേക്കു കയറിയിരിക്കുകയാണ്. നിരവധി വീടുകളിലും വെളളം കയറി. ഇവിടെ 300ഓളം മീറ്റർ ദൂരത്തിൽ കടൽഭിത്തിയില്ലാത്തതാണ് ദുരിതവും നാശനഷ്ടവും വർധിക്കാൻ കാരണമായതെന്നു നാട്ടുകാർ പറയുന്നു. 43 കോടി രൂപ ചെലവിൽ ഇവിടെ പുലിമുട്ടോടുകൂടി കടൽഭിത്തി നിർമിക്കുമെന്ന പ്രഖ്യാപനമുണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണം ആരംഭിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഒക്ടോബർ 15ന് മന്ത്രി റോഷി അഗസ്റ്റിൻ ഇതിന്റെ ഉദ്ഘാടനവും നടത്തിയിരുന്നു. എന്നാൽ, മാസം മൂന്നു പിന്നിട്ടിട്ടും ഒരു കല്ലു പോലും ഇവിടെയിട്ടിട്ടില്ല.
ഉറപ്പുകൾ പോരാ
കടൽക്ഷോഭം ശക്തമായി വീടുകൾ തകർച്ചാ ഭീഷണിയിലായിട്ടും ഇനിയും പദ്ധതി വേഗത്തിലായിട്ടില്ല. വീടുകൾ തകർന്നവർ ആശ്രയമില്ലാതായി മാറിയിരിക്കുകയാണ്. പലതവണ സമരം നടത്തിയപ്പോഴും അധികൃതർ പല ഉറപ്പുകളും നൽകിയിട്ടുണ്ടെങ്കിലും ഇവയൊന്നും നടപ്പിലായിട്ടില്ലെന്നു പഞ്ചായത്തംഗം സുമിത പറയുന്നു. കടൽക്ഷോഭത്തിൽ വീടുകളും തെങ്ങുകളുമടക്കം ഈ മേഖലയിൽ നിലം പൊത്തിയിട്ടുണ്ട്. സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്ന കടൽ ഭിത്തി എത്രയും വേഗം നിർമാണം തുടങ്ങണമെന്നാണ് ആവശ്യം.
രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ
ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞദിവസം അനുഭവപ്പെട്ട കടൽക്ഷോഭത്തെത്തുടർന്ന് അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ വടക്ക് വില്ലേജിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു.
രണ്ടു ക്യാമ്പുകളിലായി 11 കുടുംബങ്ങളിലെ 50 പേരെ താമസിപ്പിച്ചിട്ടുണ്ട്.