തെരുവുനായ ശല്യം ഒരുവഴി, റോഡിൽ മാലിന്യം പിന്നാലെ
1263933
Wednesday, February 1, 2023 10:13 PM IST
മാന്നാർ: മാലിന്യങ്ങൾക്കൊപ്പം തെരുവുനായ്ക്കുഞ്ഞുങ്ങളെയും തള്ളാനുള്ള ഹബ്ബായി ഒരു റോഡ് മാറുന്നു. പരുമലയിലെ ഏറ്റവും പ്രധാന റോഡായ പരുമല പള്ളി -പനയന്നാർക്കാവ് റോഡാണ് ഇത്തരത്തിൽ മാറുന്നത്. ഒന്നര കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ റോഡിൽ കുറെ ഭാഗങ്ങളിൽ മാത്രമാണ് ജനവാസമുള്ളത്.
ഏറെ ദൂരവും റോഡ് വിജനമാണ്. രാത്രിയായാൽ റോഡിലൂടെയുള്ള സഞ്ചാരവും കുറവാണ്. ഇവിടാണ് മാലിന്യങ്ങൾ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലുമായി തളളുന്നത്. റോഡിലൂടെ യാത്ര ചെയ്യണമെങ്കിൽ മൂക്കു പൊത്തുന്നതിനൊപ്പം തെരുവുനായ്ക്കളെയും പേടിക്കണം.
തെരുവുനായ് ശല്യം കാരണം കുട്ടികൾക്ക് മുതിർന്നവരുടെ സംരക്ഷണമില്ലാതെ സ്കൂളിൽ പോകാൻ കഴിയാത്ത അവസ്ഥയാണ്.
മാലിന്യ, തെരുവുനായ് പ്രശ്നത്തിനു പരിഹാരം കാണാൻ കഴിയാതെ അധികൃതരും ഇരുട്ടിൽ തപ്പുകയാണ്.