അരൂരിലെ പൊതു ഇടം നാട്ടുകാർക്കായി തുറന്നു
1264854
Saturday, February 4, 2023 10:44 PM IST
ആലപ്പുഴ: പരിപൂർണ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യമാണ് സംസ്ഥാന സർക്കാരിനുള്ളതെന്നു തദ്ദേശ മന്ത്രി എം.ബി രാജേഷ്. അരൂർ പഞ്ചായത്തിൽ നിർമാണം പൂർത്തിയാക്കിയ ഓപ്പൺ എയർസ്റ്റേജിന്റെയും എരിയകുളം നവീകരണത്തിന്റെയും മിനി പാർക്കിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്കരിക്കപ്പെടാത്ത മാലിന്യമാണ് ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി. അതിനായി വിപുലമായ പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുന്നുണ്ട്. പക്ഷേ, മാലിന്യ സംസ്കരണ പ്ലാന്റുകൾക്കെതിരേ എതിർപ്പ് പലേയിടങ്ങളിൽനിന്നും ഉയരുന്നുണ്ട്. മാലിന്യ സംസ്കരണ പ്ലാന്റുകൾ മനുഷ്യനു ദോഷകരമാകില്ല എന്ന വസ്തുത ജനങ്ങൾ തിരിച്ചറിയണം - മന്ത്രി പറഞ്ഞു.
പൊതുഇടം എന്നത് ഈ കാലഘട്ടത്തിന്റെ പ്രധാന ആവശ്യമാണ്. തുടർ പ്രവർത്തനമായി ഒരു കൊല്ലംകൊണ്ട് സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത് എന്ന ചലഞ്ച് അരൂർ പഞ്ചായത്ത് ഏറ്റെടുക്കണമെന്നും മന്ത്രി നിർദേശിച്ചു.
ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി അധ്യക്ഷത വഹിച്ചു. അരൂർ പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, കെഎസ്ഡിപി ചെയർമാൻ സി. ബി. ചന്ദ്രബാബു, കരിനില വികസന ഏജൻസി വൈസ് ചെയർമാൻ ടി.പി. സതീശൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എസ്. ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ അനന്തു രമേശൻ, സജിമോൾ ഫ്രാൻസിസ്, അരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സീനത്ത് ഷിഖാബുദീൻ, അമ്പിളി ഷിബു, ബി.കെ. ഉദയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിജയകുമാരി, മേരിദാസൻ, പി.ടി. അനിൽകുമാർ, എൻ.കെ. രാജീവൻ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മാനവീയം വേദി
മാനവീയം വേദി എന്നാണ് പൊതുഇടത്തിനു നൽകിയ പേര്. ദേശീയപാതയ്ക്കരികിലെ ഗ്രാമപഞ്ചായത്ത് ഓഫീസിനോടു ചേര്‍ന്നുള്ള എരിയകുളം എന്ന പൊതുകുളം കേന്ദ്രീകരിച്ചാണ് പദ്ധതി. രാജഭരണ കാലത്തോളം പഴക്കമുള്ള കുളം ഒരുകാലത്തു പഞ്ചായത്തിലെ പ്രധാന ശുദ്ധജല സ്രോതസായിരുന്നു. എന്നാൽ, പിന്നീട് ശോചനീയവസ്ഥയിലായിരുന്ന കുളം ജില്ലാ പഞ്ചായത്ത് അനുവദിച്ച 18.69 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ വിഹിതവും ഉള്‍പ്പെടെ 50 ലക്ഷം രൂപ ചെലവഴിച്ചാണ് ശുചീകരിച്ചത്. കല്‍ക്കെട്ടുകള്‍ നിര്‍മിച്ചു സംരക്ഷിച്ച ശേഷമാണ് കുളത്തിനോടു ചേര്‍ന്നുവരുന്ന സ്ഥലത്ത് ഓപ്പണ്‍ എയര്‍ സ്റ്റേഡിയം, മിനി പാര്‍ക്ക്, ടെയ്ക് എ ബ്രേക്ക് കേന്ദ്രം ഉള്‍പ്പെടെയുള്ളവ സജ്ജമാക്കിയത്. പഞ്ചായത്തിന്റെ തനത് ഫണ്ട്, പ്ലാന്‍ ഫണ്ട് തുടങ്ങിയവയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷത്തോളം രൂപയാണ് ഇതിനായി വകയിരുത്തിയത്.