ഹരിതകർമ സേനയ്ക്ക് ഐക്യദാർഢ്യം: ആഘോഷം സംഘടിപ്പിച്ച് തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത്
1264901
Saturday, February 4, 2023 11:21 PM IST
പൂച്ചാക്കൽ: മാലിന്യമകറ്റുന്ന മാലാഖമാർക്ക് ഐക്യദാർഢ്യവുമായി ഹരിത കർമസേന സംഗമം സംഘടിപ്പിച്ച് തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത്. ദെലീമ ജോജോ എംഎൽഎ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് അധ്യക്ഷത വഹിച്ചു.
നവകേരളം കർമപദ്ധതിയുടെ ഭാഗമായി "മാലിന്യരഹിത കേരളം മാറുന്നു വലിച്ചെറിയല് രഹിത കേരളമാകുന്നു' എന്ന ക്യാമ്പയിന്റെ ബോധവത്കരണ സന്ദേശ റാലിയും പരിപാടിക്കൊപ്പം സംഘടിപ്പിച്ചു. അഞ്ച് പഞ്ചായത്തിലെ നൂറ്റി ഇരുപത്തിയഞ്ചോളം വരുന്ന ഹരിതകർമസേന പ്രവർത്തകർ സംഗമത്തിലും കലാപരിപാടികളിലും പങ്കെടുത്തു. പരിസ്ഥിതി പ്രവർത്തകൻ ആർ. സബീഷ് മാലിന്യമുക്ത കേരളത്തെക്കുറിച്ചും പ്രകൃതിസംരക്ഷത്തെക്കുറിച്ചും ക്ലാസെടുത്തു. സേനാംഗങ്ങൾക്കുള്ള തൊപ്പി ബ്ലോക്ക് വൈസ് പ്രസിഡന്റ് സ്മിതാ ദേവാനന്ദ് വിതരണം ചെയ്തു.
തുടർന്ന് കലാപരിപാടികൾക്കൊപ്പം ഹരിത കർമ്മസേന തയാറാക്കിയ പ്രകൃതിയും മാലിന്യവും മനുഷ്യനും എന്ന വിഷയത്തിൽ സ്കിറ്റ് അവതരിപ്പിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത് ഒന്നാം സ്ഥാനം നേടിയ പരിപാടിയിൽ മികച്ച നടിമാരായി മേരി (തൈക്കാട്ടുശേരി) സി.കെ. സജ്നാ (അരുക്കുറ്റി ) എന്നിവരെ തെരെഞ്ഞെടുത്തു.
പഞ്ചായത്ത് പ്രസിഡന്റുമാരായ ധന്യാ സന്തോഷ്, അഷറഫ് വെള്ളേഴത്ത്, അഡ്വ. വി.വി. ആശ, ഡി. വിശ്വംഭരൻ, റ്റി.കെ. സുധീഷ്,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങളായ രാജേഷ് വിവേകാനന്ദ,എൻ.കെ. ജനാർദ്ദൻ,അഡ്വ. ജയശ്രീ ബിജു, സി.പി. വിനോദ് കുമാർ, രജിത ടീച്ചർ, ശോഭന ടീച്ചർ, അനീമോൾ, എൻ കെ അനീസ്, ദീപാ സജീവ്, ദീപിഷ്, ഉദയമ്മ ഷാജി, ബിഡിഒ പി.വി. സിസിലി എന്നിവർ സംസാരിച്ചു. ജനറൽ എക്സ്റ്റഷൻ ഓഫീസർ മനോജ് പ്രവർത്തന കോഡിനേഷൻ റിപ്പോർട്ട് അവതരിപ്പിച്ചു.
കഴിഞ്ഞ ഏതാനും നാളുകളായി ഹരിത കർമ്മസേനയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരേയുള്ള തദ്ദേശ സ്ഥാപനത്തിന്റെ ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് ഈ സംഗമം സംഘടിപ്പിച്ചതെന്ന് തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് പറഞ്ഞു.