ഗുണനിലവാരമില്ലാത്ത ബിസ്കറ്റ് വിറ്റതിന് ബേക്കറി ഉടമ ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
1265476
Monday, February 6, 2023 11:15 PM IST
മാവേലിക്കര: ഗുണനിലവാരമില്ലാത്ത കോണ്‍ഫ്ളക്സ് ബിസ്കറ്റ് വിറ്റതിന് ഒരുലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും നല്കാന് കോടതി ഉത്തരവ്.
മാന്നാര്‍ തോംസണ്‍ ബേക്കറിക്കും ജോളി ഫുഡ് പ്രൊഡക്ട്സിനുമെതിരെ മാവേലിക്കര ബാറിലെ അഭിഭാഷകന് തഴക്കര കാങ്കാലിമലയില്‍ സരുണ്‍ കെ. ഇടിക്കുള നല്കിയ പരാതിയിലാണ് ആലപ്പുഴ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടത്.
2021 സെപ്റ്റംബര്‍ മൂന്നിന് തോംസണ്‍ ബേക്കറിയില്‍നിന്ന് സരുണ്‍ വാങ്ങിയ കോണ്‍ഫ്ളെക്സ് ബിസ്കറ്റ് കനച്ചതും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ളതുമായിരുന്നു. തുടര്‍ന്ന് ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു. പിന്നീട് കമ്മീഷന് ബിസ്കറ്റ് തിരുവനന്തപുരം ഗവ. അനലിസ്റ്റ് ലാബിലേക്കയച്ച് റിസള്‍ട്ട് വിളിച്ചുവരുത്തിയപ്പോള്‍ ബിസ്കറ്റുകള്‍ ഭക്ഷ്യയോഗ്യമായതല്ലെന്നു കണ്ടെത്തി. ബിസ്കറ്റ് നിര്‍മിച്ചത് ഏതുതരം ഭക്ഷ്യ എണ്ണയാണന്നുള്ള കാര്യവും ലേബലില്‍ പറഞ്ഞിരുന്നില്ല.
വിസ്തരിച്ചപ്പോള്‍ കമ്മീഷനിലും ഏതുതരം എണ്ണയാണ് ഉപയോഗിച്ചതെന്ന് ബേക്കറി ഉടമയ്ക്കു കൃത്യമായി പറയാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് കമ്മീഷന് പ്രസിഡന്റ് എസ്. സന്തോഷ് കുമാറും അംഗം സി.കെ. ലേഖാമ്മയും ഒരു ലക്ഷം രൂപ പരാതിക്കാരന് സേവനത്തിലുണ്ടായ വീഴ്ചയക്കും മറ്റും നഷ്ടപരിഹാരമായി നല്കുവാനും 10,000 രൂപ കോടതി ചെലവ് നല്കുവാനും ഉത്തരവിട്ടത്.