കടമുറി 25 സെ.മീ. അധികം; പൊളിച്ചു നീക്കണമെന്ന് പഞ്ചായത്ത്
1266012
Wednesday, February 8, 2023 10:21 PM IST
അമ്പലപ്പുഴ: ഉപജീവനത്തിനായി നിർമിച്ച കടമുറിയുടെ മുകൾഭാഗത്തെ ഇറക്കം 25 സെ.മീ. കൂടിയെന്നു കാട്ടി പൊളിക്കാൻ പഞ്ചായത്ത് നിർദേശം. നിർദേശമനുസരിച്ച് പൊളിച്ചതോടെ കടയുടമയ്ക്കു പതിനായിരങ്ങൾ നഷ്ടം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാർഡ് വണ്ടാനം കിഴക്ക് വലയിൽ ജോസഫ് ബേബിയുടെ കടയുടെ മുൻഭാഗമാണ് പഞ്ചായത്ത് പൊളിപ്പിച്ചത്.
ഒരുമാസം മുൻപാണ് മകൾ പ്രിൻസി ബേബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പുതിയ ബേക്കറി നിർമിക്കാൻ ഇദ്ദേഹം കടമുറി നിർമിച്ചത്. നിർമാണം പൂർത്തിയാക്കി അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ കെട്ടിട നമ്പർ നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയപ്പോഴാണ് 25 സെ.മീ. കൂടിയതായി കണ്ടെത്തിയത്.
ഇതു പൊളിച്ചില്ലെങ്കിൽ നിർമാണം നടക്കുന്ന വീടിനും കെട്ടിട നമ്പർ നൽകില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുവെന്ന് ഇദ്ദേഹം പറയുന്നു. 25 സെ.മീ. പൊളിപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥർ നാട്ടിൽ പല കെട്ടിട നിർമാണങ്ങളും നിലവിലുള്ള എല്ലാ നിയമവും കാറ്റിൽപ്പറത്തി നടക്കുന്നത് തിരുത്തിക്കുമോയെന്നാണ് ജോസഫ് ബേബിയുടെ ചോദ്യം.