കർണാടകയുടെ വനിതാ ടീമിനെ മറിയ നയിക്കും
1278367
Friday, March 17, 2023 10:38 PM IST
ആലപ്പുഴ: ദേശീയ സീനിയർ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിനുള്ള കർണാടകയുടെ വനിതാ ടീമിനെ മലയാളി താരം മറിയ റോണി നയിക്കും. ജമ്മുവിൽ 20 മുതൽ 27 വരെയാണ് ടൂർണമെന്റ്. ബംഗളൂരു കനറാ ബാങ്ക് ഹെഡ് ഓഫീസിൽ ഓഫീസറായ മറിയ നിലവിലെ സംസ്ഥാന ചാമ്പ്യനാണ്. ദേശീയ ഗെയിംസിൽ കർണാടകത്തെ പ്രതിനിധീകരിച്ചിരുന്നു. ആലപ്പുഴ സ്വദേശികളായ കാഞ്ഞിക്കൽ കല്ലുപുരയ്ക്കൽ റോണി-റീന ദന്പതികളുടെ മകളാണ്. ചാമ്പ്യൻഷിപ്പിൽ സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് മത്സരങ്ങളിൽ മറിയ ഇറങ്ങുന്നുണ്ട്.
തണ്ണീർ പന്തലൊരുക്കി
ജില്ലാ പഞ്ചായത്ത്
ആലപ്പുഴ: അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള നടക്കുന്ന കൈരളി ശ്രീ തിയറ്റർ മുറ്റത്ത് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തണ്ണീർ പന്തൽ ഒരുക്കി. മേളയിലെത്തിയ ഡെലിഗേറ്റുകൾക്ക് സംഭാരം നൽകിക്കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി വിതരണം ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസവും സൗജന്യമായാണ് സംഭാരം നൽകുന്നത്. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. പ്രിയ, ജില്ലാ പഞ്ചായത്തംഗം ആർ. റിയാസ് എന്നിവരും വിതരണത്തിൽ പങ്കെടുത്തു.