ജനകീയ കളക്ടറുടെ കസേരയിലേക്ക് ഇനി പാട്ടുപാടുന്ന കളക്ടർ
1280279
Thursday, March 23, 2023 10:59 PM IST
എം. ജോസ് ജോസഫ്
വായനയ്ക്കൊപ്പം സംഗീതവും സിനിമയും കൂടി ചേരുമ്പോഴാണ് ആലപ്പുഴയുടെ പുതിയ കളക്ടറുടെ ഇഷ്ടങ്ങൾ പൂർണമാകുന്നത്. ജനകീയ കളക്ടറായിരുന്ന കൃഷ്ണതേജയുടെ സീറ്റിലേക്കു കടന്നുവരുന്നത് സംഗീതവും കലയും ഉപാസിക്കുന്ന കലാകാരി. കർണാടക സംഗീതത്തിനൊപ്പം ഗസലുകളും ഇഷ്ടപ്പെടുന്നു. സംഗീതമായിരുന്നു ഹരിതയുടെ കുടുംബത്തിന്റെ ജീവനാഡി. സിനിമാഗാനങ്ങളും കവിതകളും വീട്ടിൽ എപ്പോഴും പശ്ചാത്തലമായിരുന്നു.
കെഎസ്ഇബിയിലും വാട്ടർ അഥോറിറ്റിയിലും കോൺട്രാക്ടറായിരുന്ന ആർ. വിജയകുമാറിന്റെയും സി.എസ്. ചിത്രയുടെയും മകളായ ഹരിതയുടെ മനസിൽ സംഗീതത്തോടുള്ള ഇഷ്ടം കയറിവന്നതും ഈ വീട്ടുവഴിയിലൂടെതന്നെ. നെയ്യാറ്റിൻകര സെന്റ് തെരേസാസ് സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴേ കുഞ്ഞുഹരിതയിലെ ഗായികയെ അധ്യാപകരായ സിസ്റ്റർമാർ തിരിച്ചറിഞ്ഞിരുന്നു. അവർ ഹരിതയുടെ അമ്മയോടു പറഞ്ഞു: മകളെ പാട്ടുപഠിപ്പിക്കണം. ചെറുക്ലാസിൽ തുടങ്ങിയ സംഗീതപഠനം എൻജിനിയറിംഗ് പൂർത്തിയാകും വരെ തുടർന്നു.
തിരുവനന്തപുരം ബാർട്ടൻഹിൽ ഗവ. എൻജിനിയറിംഗ് കോളജിൽ ഇലക്ട്രോണിക് ബിടെക് കോഴ്സിനു മികച്ച മാർക്കോടെ കോഴ്സ് പൂർത്തിയാക്കുന്നതിനു മുൻപുതന്നെ എച്ച്സിഎല്ലിൽ സോഫ്റ്റ് വെയർ എൻജിനിയർ ജോലി ലഭിച്ചു. ജോലി ഉപേക്ഷിച്ചു സിവിൽ സർവീസ് പരീക്ഷ ഒന്നാം റാങ്കോടെ നേടി. കർണാടക സംഗീതജ്ഞയും നല്ലൊരു ഭരതനാട്യ നർത്തകിയുമാണ്.
സ്കൂൾ കാലം തൊട്ടേ പ്രിയ വിഷയങ്ങളായിരുന്ന സയൻസും കണക്കും ഉപേക്ഷിച്ചു സാമ്പത്തികശാസ്ത്രവും മലയാളവും കൂടെക്കൂട്ടി. റൂമിയും ജിബ്രാനും പ്രിയപ്പെട്ടവരായിരുന്നു. പഠനകാലത്തു ഫിക്ഷനുകളായിരുന്നു തേടിപ്പിടിച്ച് വായിച്ചിരുന്നത്. തിരുവനന്തപുരത്തു പബ്ലിക് ലൈബ്രറിയിൽ അംഗത്വമെടുത്തു ആഴത്തിലുള്ള വായന ഉണ്ടായിരുന്നു.
ജില്ലയുടെ ഭരണാധികാരിയുടെ കനത്ത ഉത്തരവാദിത്തം തീർത്തു വീട്ടിലെത്തുമ്പോൾ നാലു വയസുകാരി നിയതി അമ്മയെ കാത്തിരിപ്പുണ്ടാകും. ഹരിതയുടെയും ഭർത്താവ് ഡോ. ശാന്തീവിന്റെയും അച്ഛനമ്മമാരാണ് മാറിമാറി കുഞ്ഞുമോൾക്കു തുണയേകുന്നത്. കൊല്ലം സ്വദേശിയായ ഡോ. ശാന്തീവ് തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ സീനിയർ റെസിഡന്റാണ്. ജില്ലയുടെ 56-ാമത് കളക്ടറായി ഹരിത വി. കുമാർ ഇന്നു രാവിലെ 9.30ന് ചുമതലയേൽക്കും.