മാലിന്യം മറയും, കുടിവെള്ളം വരും
1280553
Friday, March 24, 2023 10:46 PM IST
ചേര്‍ത്തല: കാർഷിക മേഖലയ്ക്കും നഗരവികസനത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും മുന്‍തൂക്കം നല്‍കിയുള്ള നഗരസഭ ബജറ്റ് വൈസ് ചെയര്മാന് ടി.എസ്. അജയകുമാര്‍ അവതരിപ്പിച്ചു. 83,68,38,885 വരവും 80,75,97,650 ചെലവും 2,92,41,235 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റില്‍ കാര്‍ഷിക മേഖലക്കൊപ്പം സമ്പൂര്‍ണ കുടിവെള്ള നഗരം, സമ്പൂര്‍ണ ഡിജിറ്റല്‍ സേവന നഗരം, സമ്പൂര്‍ണ ശുചിത്വനഗരം എന്നിവയ്ക്കു പ്രാധാന്യം നല്‍കിയിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ 2.86 കോടിയാണ് വകയിരുത്തിയിരിക്കുന്നത്.
കുടിവെള്ളം എത്തിക്കും
നഗരത്തിലെ എല്ലാ വീടുകളിലും കുടിവെള്ള പൈപ്പ് ലൈന്‍ എത്തിക്കാൻ അമൃത് പദ്ധതി പ്രകാരമുള്ള 9.30 കോടിക്കു പുറമെ 2.73 കോടി നീക്കിവച്ചു. ചേലൊത്ത ചേര്‍ത്തല നഗരശുചീകരണ പദ്ധതിക്കു പിന്നാലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് ഒരു കോടിയും വകയിരുത്തി. ഇതോടെ എല്ലാവിധ മാലിന്യങ്ങളും സംസ്കരിക്കാൻ സംവിധാനമുള്ള നഗരമായി ചേര്‍ത്തല മാറും.
നഗരസഭയിലെ എല്ലാ സേവനങ്ങളും വീട്ടുപടിക്കല്‍ എത്തിക്കാൻ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തും. സമ്പൂര്‍ണ ഭവനനിര്‍മാണ പദ്ധതിപ്രകാരം 7.97 കോടിയും സ്കൂളുകളില്‍ സൗരോര്‍ജ പ്ലാന്റടക്കം വിദ്യാഭ്യാസ മേഖലയില്‍ 1.56 കോടിയും വകയിരുത്തിയിട്ടുണ്ട്. കോടതിക്കവല വികസനത്തിനും രൂപരേഖ തയാറാക്കാന്‍ അഞ്ചു ലക്ഷവും ടൗണ്‍ഹാള്‍ നവീകരണത്തിന് ഒരു കോടിയും വകയിരുത്തിയിട്ടുണ്ട്.
റോഡിനു നാലുകോടി
നഗരത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിനും പുതിയ റോഡുകളും നിര്‍മാണത്തിനുമായി നാലു കോടി ഉള്‍പെടുത്തിയിട്ടുണ്ട്.
ബജറ്റവതരണ കൗണ്‍സിലില്‍ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്ഗവന് അധ്യക്ഷയായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ എ.എസ്. സാബു, ജി.രഞ്ജിത്ത്, ഏലിക്കുട്ടി ജോണ്‍, ശോഭാ ജോഷി, ലിസി ടോമി, മുനിസിപ്പല്‍ സെക്രട്ടറി ടി.കെ. സുജിത് തുടങ്ങിയവര്‍ പങ്കെടുത്തു.