പദ്ധതി നിർവഹണം! ആലപ്പുഴ നഗരസഭ പിന്നിലായത് ഭരണപരാജയമെന്ന് പ്രതിപക്ഷം
1282103
Wednesday, March 29, 2023 10:29 PM IST
ആലപ്പുഴ: കേരള സർക്കാർ തദ്ദേശസ്വയംഭരണവകുപ്പ് പ്രസിദ്ധീകരിച്ച 2022-23 സാമ്പത്തിക വർഷത്തിലെ പദ്ധതി വിശകലന ലിസ്റ്റിൽ കേരളത്തിലെ 87 നഗരസഭകളിൽ ആലപ്പുഴ നഗരസഭ 54-ാം സ്ഥാനത്ത് പിന്നിൽ നിൽക്കുന്നത് ഭരണപരാജയമാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് റീഗോ രാജു പറഞ്ഞു.
നഗരസഭയ്ക്ക് ഈ സാമ്പത്തിക വർഷം ലഭിച്ച 28.12 കോടി രൂപയിൽ 17.51 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. 10.61 കോടി രൂപ ജനങ്ങൾക്ക് വിവിധ പദ്ധതികളിലൂടെ ലഭിക്കേണ്ടിയിരുന്നത് നഷ്ടപ്പെടുത്തിയത് ജനങ്ങളോടുള്ള അനീതിയാണ്.
കൗൺസിൽ ചർച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ മുൻ ഭരണസമിതിയുടെ വീഴ്ച്ചകളാണെന്നും മറ്റുമുള്ള ബാലിശമായ മറുപടിയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് കൗൺസിലർമാർ നിന്നു ഇറങ്ങിപോയത്. കൗൺസിലർമാരായ റീഗോ രാജു , പി.എസ്. ഫൈസൽ, സുമം സ്കന്ദൻ, ബിജി ശങ്കർ, അമ്പിളി അരവിന്ദ്, ജെസിമോൾ ബെനഡിക്റ്റ്, എലിസബത്ത് പി.ജി എന്നിവർ നേതൃത്വം നൽകി.
പദ്ധതി നിർവഹണത്തിൽ കുറവ് സംഭവിച്ചാൽ അടുത്ത സാമ്പത്തികവർഷത്തെ വിഹിതത്തിലും കുറവ് സംഭവിക്കുമെന്നത് ആപത്കരമാണ്. ഭരണസമിതിയുടെ ദുരഭിമാനവും കെടുകാര്യസ്ഥതയും മാറ്റിവച്ച് അടിയന്തര കൗൺസിൽ വിളിച്ച് ജനങ്ങൾക്ക് ലഭിക്കേണ്ടത് ലഭിക്കാൻ ഉറപ്പാക്കണമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു.