കായംകുളം: കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂൾ ഭാരത് സ്കൗട്ടിന്റെ ആഭിമുഖ്യത്തിൽ സ്കൗട്ട് അംഗങ്ങൾ കറ്റാനം ജംഗ്ഷനിൽ കോൽകളിയിലൂടെ പരിസ്ഥിതി സന്ദേശം നൽകി. പരിസ്ഥിതി ഗാനത്തിനു താളാനുസൃതമായി ചുവടുകൾ വച്ച് നടത്തിയ കോൽകളി ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സ്കൗട്ട് മാസ്റ്റർ സി. റ്റി. വർഗീസ് അറിയിച്ചു. രാവിലെ വൃക്ഷ തൈ നട്ട് മാനേജ്മെന്റ് പ്രതിനിധി ഫാ. സിൽവസ്റ്റർ തെക്കേടത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സുമ എസ്. മലഞ്ചരുവിൽ അധ്യക്ഷ വഹിച്ചു. ആദിസ്, അനന്തു കൃഷ്ണൻ, കൗസഫ്, അബിൻ രാജ്, ബെൽവിൻ ജോർജ് അഭിരാം എന്നിവർ നേതൃത്വം നൽകി.