മുട്ടാറില്‍ വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം
1458542
Thursday, October 3, 2024 2:47 AM IST
എടത്വ: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ മുട്ടാര്‍ പഞ്ചായത്ത് തല ഉദ്ഘാടനത്തിന്റെ ഭാഗമായി ക്ലീനത്തോണ് എന്ന പേരില്‍ മുട്ടാര്‍ സെന്‍ട്രല്‍ റോഡില്‍ വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം സംഘടിപ്പിച്ചു.
മുട്ടാര്‍ ഗ്രാമപഞ്ചായത്തിന്റെ പ്രവേശന കവാടമായ കൈതത്തോട് ജംഗ്ഷനില്‍ മുട്ടാറിലെ മുതിര്‍ന്ന ഹരിത കര്‍മസേനാംഗം പദ്മിനി സദാനന്ദന് ഫ്ളാഗ് ഓഫ് ചെയ്ത കൂട്ട ഓട്ടത്തില്‍ മുട്ടാര്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ എന്‍എസ്എസ് യൂണിറ്റിന്റെയും റേഞ്ചര്‍ യൂണിറ്റിന്റെയും നേതൃത്വത്തില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അണിചേര്‍ന്നു. പഞ്ചായത്തംഗങ്ങളും ജീവനക്കാരും ഹരിത കര്‍മസേനാംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും വിദ്യാര്‍ഥികളെ അനുഗമിച്ചു.
കൂട്ട ഓട്ടം സെന്റ് ജോര്‍ജ് ഹൈസ്കൂളില്‍ എത്തിയപ്പോള്‍ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. തുടര്‍ന്ന് സ്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന ചടങ്ങില്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.റ്റി. വിനോദ് കുമാര്‍ മുട്ടാര്‍ സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ ഹരിത വിദ്യാലയമായി പ്രഖ്യാപിക്കുകയും ഇതുസംബന്ധിച്ച സര്‍ട്ടിഫിക്കേറ്റ് കൈമാറുകയും ചെയ്തു.
ഹെഡ്മാസ്റ്റര് തോമസ് കെ.എം സര്‍ട്ടിഫിക്കേറ്റ് ഏറ്റുവാങ്ങി. കൂട്ട ഓട്ടത്തിനു മുന്നോടിയായി കൈതത്തോട് ജംഗ്ഷനില്‍ ചേര്‍ന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. സുരമ്യ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് ഗ്രീന്‍ അംബാസിഡറും മികച്ച സംസ്ഥാന അവാര്‍ഡ് ജേതാവുമായ അര്ജുന് ശുചിത്വ പ്രതിജ്ഞയ്ക്കു നേതൃത്വം നല്കി. പഞ്ചായത്തംഗങ്ങളായ മെര്ലിന് ബൈജു, ജോളി സ്കറിയ, ലതീഷ് കുമാര്‍, സെക്രട്ടറി എ. ഭാമാദേവി, സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഈശോ തോമസ്, ഹെഡ്മാസ്റ്റര് തോമസ് കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.