വള്ളികുന്നത്ത് എടിഎം കൗണ്ടറിലെ കവർച്ചാശ്രമം: യുവാവ് പിടിയിൽ
1458964
Saturday, October 5, 2024 3:24 AM IST
കായംകുളം: വള്ളികുന്നം കാഞ്ഞിരത്തുംമൂട് ജംഗ്ഷനിൽ എസ്ബിഐയുടെ എടിഎം മെഷീൻ കുത്തിപ്പൊളിച്ച് കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിലായി. താമരക്കുളം ചത്തിയറ രാജുഭവനത്തിൽ അഭിരാം (20) ആണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവി മോഹനചന്ദ്രന്റെ മേൽനോട്ടത്തിൽ ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും വള്ളികുന്നം എസ്ഐ ദിജേഷ്. കെയുടെ നേതൃത്വത്തിലുള്ള പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞദിവസമാണ് എടിഎം കൗണ്ടറിൽ കവർച്ച ശ്രമം നടന്നത്.
മുഖംമൂടി ധരിച്ചെത്തി എടിഎം മെഷീൻ കുത്തിപ്പൊളിക്കാൻ ശ്രമിക്കുന്നതിനിടെ അലാം മുഴങ്ങിയതോടെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. സിസിടിവികൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. പ്രഫഷണൽ എടിഎം കവർച്ച സംഘമായ ഹരിയാനയിലെ മേവാത്തി ഗ്യാങ്ങിന്റെ എടിഎം കവർച്ച സംബന്ധിച്ച് പത്രത്തിലൂടെ വായിച്ചറിഞ്ഞതാണ് കവർച്ചാശ്രമത്തിനു പ്രേരണയായതെന്ന് പിടിയിലായ യുവാവ് പോലീസിന് മൊഴി നൽകി.
കാമുകിയുടെ പണയം വച്ച സ്വർണം തിരിച്ചെടുക്കാൻ പ്രതി കണ്ടെത്തിയ വഴിയാണ് എടി എം കവർച്ചയെന്നും യുവാവ് ധരിച്ചിരുന്ന ജാക്കറ്റും കോലാപൂരി ചെരിപ്പും തിരിച്ചറിഞ്ഞത് അന്വേഷണത്തിൽ നിർണായകമായതായും പോലീസ് വ്യക്തമാക്കി.
ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ കുറത്തികാട് സി.ഐ. മോഹിത്, വള്ളികുന്നം എസ്ഐ ദിജേഷ്. കെ, എഎസ്ഐ ശ്രീകല, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ, സന്തോഷ് കുമാർ, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുൺ ഭാസ്കർ, അൻഷാദ്,
അനി.വൈ, സിവിൽ പോലീസ് ഓഫീസറായ ജിഷ്ണു.ആർ, ബിനു.എസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് കഴിഞ്ഞദിവസം പുലർച്ചെ പ്രതിയെ പിടികൂടിയത്. കായംകുളം ജുഡീഷൽ ഒന്നാം ക്ലാസ് മാജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.