അമ്മത്തൊട്ടിലിൽ പുതിയ അതിഥിയായി ‘തണൽ’
1565377
Friday, June 6, 2025 11:40 PM IST
ആലപ്പുഴ: ആലപ്പുഴ വുമൺ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിൽ സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിന്റെ കരുതലിനായി ഒരു നവാഗതൻ കൂടിയെത്തി. വെള്ളി പകൽ 1.30 ന് 8 ദിവസം പ്രായം തോന്നിക്കുന്ന ആൺകുരുന്ന് സമിതിയുടെ പരിചരണാർഥം എത്തിയത്. ആലപ്പുഴ അമ്മത്തൊട്ടിലിൽ ഈ വർഷം ലഭിക്കുന്ന മൂന്നാമത്തെ കുഞ്ഞാണ്. 2025 ജനുവരിയിലും മേയിലുമായി രണ്ടു പെൺകുഞ്ഞുങ്ങളെ ലഭിച്ചിരുന്നു. കുഞ്ഞിന് തണൽ എന്ന പേര് നൽകിയതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി പത്രക്കുറിപ്പിൽ അറിയിച്ചു.
തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ഈ വർഷം ആറു കുട്ടികളും ആലപ്പുഴയിൽ രണ്ടു കുട്ടികളും ഉൾപ്പെടെ എട്ട് കുഞ്ഞുങ്ങളാണ് സംസ്ഥാന ശിശുക്ഷേമസമിതിയുടെ പരിചരണയിൽ അമ്മത്തൊട്ടിലുകൾ മുഖേന എത്തിയത്.
നിർഭാഗ്യവും അപമാനവുമെന്ന നിലയിൽനിന്ന് കുരുന്നു ജീവനുകൾ നശിപ്പിക്കപ്പെടുന്ന പ്രവണത മാറി സുരക്ഷിതമായി അമ്മത്തൊട്ടിലിന്റെ സംരക്ഷണാർഥം എത്തിക്കുന്നതെന്ന് പറയുന്നു. ഇവിടെ എത്തപ്പെടുന്ന ബാല്യങ്ങൾക്ക് മതിയായ പരിചരണം നൽകി സുതാര്യമായ ദത്തെടുക്കൽ നടപടിക്രമങ്ങളിലൂടെ ദത്ത് നൽകാൻ സമിതിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 26 മാസത്തിനിടയിൽ സമിതി ഇപ്രകാരം 163 കുട്ടികളെയാണ് നിയമപരമായ മാർഗങ്ങളിലൂടെ ദത്ത് നൽകിയത്.