പൊതുവിടങ്ങള്‍ വര്‍ണാഭമാക്കുന്ന പദ്ധതിക്കു തുടക്കം കുറിച്ച് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്
1565382
Friday, June 6, 2025 11:40 PM IST
മാവേലിക്കര: ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് മാവേലിക്കര മേഖലാ കമ്മിറ്റിയുടെ വര്‍ണാഭമായ പൊതുവിടങ്ങള്‍ പദ്ധതിക്ക് ലോക പരിസ്ഥിതി ദിനത്തില്‍ തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടമായി തഴക്കര പഞ്ചായത്തിലെ ആക്കനാട്ടുകരയിലുള്ള മാക്രിമട ബണ്ട് റോഡ് പ്രാദേശിക വിനോദസഞ്ചാരകേന്ദ്രം സൗന്ദര്യവത്കരിച്ചു. റോഡിന്റെ ഇരുവശങ്ങളിലുമായി 100ല്‍പരം അലങ്കാര സസ്യങ്ങളാണ് നട്ടുപിടിപ്പിച്ചത്. ബോഗണ്‍വില്ല,
ഗോള്‍ഡന്‍ ലഗും പ്ലാന്റ്, അലമാന്റ എന്നീ ഇനത്തിലുള്ള ചെടികളാണ് ഇവിടെ നട്ടിരിക്കുന്നത്. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പദ്ധതിയില്‍ കൃത്യമായ ഇടവേളകളില്‍ ഇതിന്റെ പരിപാലനച്ചുമതലയും സംഘടന ഏറ്റെടുത്തിരിക്കുകയാണ്. ചെടികള്‍ പ്രതീക്ഷിത വളര്‍ച്ച കൈവരിച്ചാല്‍ ഒരു വര്‍ഷംകൊണ്ട് പൂക്കളാല്‍ അലംകൃതമായ പ്രദേശമായി ഇവിടം മാറുകയും തന്മൂലം ഇവിടുത്തെ ടൂറിസം സാധ്യതകള്‍ ഏറുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ അവകാശപ്പെടുന്നു.
തഴക്കര പഞ്ചായത്തില്‍ ആരംഭിച്ച പദ്ധതി മാവേലിക്കര മുനിസിപ്പാലിറ്റി, ചെട്ടികുളങ്ങര, തെക്കേക്കര, ചെന്നിത്തല പഞ്ചായത്തുകളിലും വ്യാപിപ്പിക്കുവാനാണ് സംഘടന ലക്ഷ്യം വയ്ക്കുന്നത്. തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. എകെപിഎ മാവേലിക്കര മേഖലാ പ്രസിഡന്റ് യു.ആര്. മനു അധ്യക്ഷത വഹിച്ചു.
സുരേഷ് ചിത്രമാലിക, ഗിരീഷ് ഓറഞ്ച്, ശശിധരന് ഗീത്, ഷൈജ തമ്പി, രാജന് സുരഭി, അനീഷ് നിറക്കൂട്ട്, ബാബൂസ് പനച്ചമൂട് എം.എസ്. ജോണ്‍, ബിനുലാല്‍, മേഖലാ സെക്രട്ടറി ബിനു വൈഗ, മേഖലാ ഫോട്ടോഗ്രാഫി നേച്ചര്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ സിബു നൊസ്റ്റാള്‍ജിയ എന്നിവര്‍ പ്രസംഗിച്ചു.