ആശാ സമരത്തിന് സ്വീകരണം നൽകി
1565378
Friday, June 6, 2025 11:40 PM IST
അമ്പലപ്പുഴ: ആശാ സമരത്തിന്റെ ഭാഗമായി നടക്കുന്ന സമരയാത്രയ്ക്ക് അമ്പലപ്പുഴയിൽ സ്വീകരണം നൽകി. സമ്മേളനം കച്ചേരി മുക്കിൽ ജോസഫ് സി. മാത്യു ഉദ്ഘാടനം ചെയ്തു. സാമ്പത്തിക പരാധീനത ഉണ്ടെന്ന് പറയുമ്പോൾ സർക്കാർ ആർക്കാണ് മുൻഗണന കൊടുക്കുന്നതെന്നു നോക്കണം. സ്ഥിരനിയമനം വേണ്ടെന്നു വയ്ക്കുന്ന സർക്കാരാണ് ആശമാരോട് സ്ഥിര നിയമനം നൽകാൻ കേന്ദ്രത്തിനോട് ആവശ്യപ്പെടാൻ പറയുന്നത്. സോ കോൾഡ് ഇടതുപക്ഷ സർക്കാരാണ് സ്ത്രീകളോട് ഇങ്ങനെ പെരുമാറുന്നത്.
കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദുവിനെ കച്ചേരിമുക്ക് ജംഗ്ഷനിൽനിന്ന് ഊഷ്മളമായി വരവേറ്റു. തുടർന്ന് നടന്ന സ്വീകരണ സമ്മേളനത്തിൽ സ്വാഗതസംഘം മേഖലാ ചെയർമാൻ ആർ. സനൽകുമാർ അധ്യക്ഷത വഹിച്ചു.
കെഎഎച്ച്ഡബ്ല്യുഎ ജില്ലാ സെക്രട്ടറി കെ.ജെ. ഷീല, കെ.ആർ. രാജിമോൾ, ജില്ലാ സ്വാഗതസംഘം ചെയർമാൻ ഡോ കെ.എസ്. മനോജ്, കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി ചെയർമാൻ സുരേഷ് കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.എ. ഹമീദ്, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കമാൽ എം. മാക്കിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.