സാമൂഹ്യനീതി വകുപ്പ് വോളിബോൾ ടൂർണമെന്റ്: അരുവിത്തുറ കോളജ് ജേതാക്കൾ
1570552
Thursday, June 26, 2025 1:29 PM IST
കോട്ടയം: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ നടന്ന ഇന്റർ കോളജിയേറ്റ് വോളിബോൾ ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ അരുവിത്തുറ സെന്റ് ജോർജ് കോളജും വനിതാ വിഭാഗത്തിൽ ചങ്ങനാശേരി അസംഷൻ കോളജും ജേതാക്കളായി.
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടന്നത്. സെമിഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് സിഎംഎസ് കോളജ് കോട്ടയത്തെയും അഞ്ച് സെറ്റ് നീണ്ടുനിന്ന ഫൈനൽ മത്സരത്തിൽ സെന്റ് തോമസ് കോളജ് പാലായെയുമാണ് അരുവിത്തുറ കോളജ് പരാജയപ്പെടുത്തിയത്.
വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ ഒന്നിനെതിരേ മൂന്ന് സെറ്റുകൾക്ക് അൽഫോൻസ കോളജ് പാലായെ പരാജയപ്പെടുത്തിയാണ് അസംഷൻ കോളജ് ജേതാക്കളായത്.
വിജയികൾക്കുള്ള ട്രോഫിയും മെഡലും കാഷ് പ്രൈസും ജില്ലാ കളക്ടറുടെയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെയും സാന്നിധ്യത്തിൽ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോട്ടയം എംഡി സെമിനാരി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ നൽകും.