ഭൂമികയുടെ വിത്തുകുട്ടകൾ സജീവമാകുന്നു
1570431
Thursday, June 26, 2025 7:33 AM IST
പൂഞ്ഞാര്‍: ഭക്ഷ്യ-ആരോഗ്യ സ്വരാജ് പ്രവര്‍ത്തനങ്ങളും ജൈവ വൈവിധ്യ പരിപോഷണവും കാലാവസ്ഥാ പ്രവര്‍ത്തനവും ലക്ഷ്യംവച്ച് ഭൂമിക നടത്തിവരുന്ന വിത്തുകുട്ടകള് മഴക്കാലത്തിന്റെ കാര്‍ഷിക ഉണര്‍വിനൊപ്പം കൂടുതല്‍ സജീവമാകുകയാണ്.
അഞ്ചു വര്‍ഷം മുന്‍പാണ് വിത്തുകുട്ട പ്രവര്‍ത്തനം ആരംഭിച്ചത്. 160 വിത്തുകുട്ടകളാണ് ജില്ലയുടെ പല ഭാഗങ്ങളിലായി ഇതോടകം നടത്തിയത്. പൂഞ്ഞാര്‍ തെക്കേക്കര ബസ് സ്റ്റാൻഡില്‍ ഭൂമിക നേറ്റീവ് വിന്‍ഡോയുടെ സമീപം നടത്തിയ 161-ാമത് വിത്തുകുട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി ഗോവയില്‍ റിട്ട. സീനിയര്‍ സയന്റിസ്റ്റ് ഡോ. രമേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഓണത്തോടനുബന്ധിച്ച് ഇരുനൂറാമത് വിത്തുകുട്ട നടത്താനുള്ള തയാറെടുപ്പിലാണ് ഭൂമിക.
27നു പാലാ അഡാര്‍ട്ടില്‍ ജൈവകര്‍ഷക സമിതി, ഗാന്ധി സ്റ്റഡി സെന്റര്‍ പാലാ, അഡാര്‍ട്ട് പാലാ എന്നിവയുടെ സഹകരണത്തോടെ 3.30ന് 162-ാമത് വിത്തുകുട്ട ഞാറ്റുവേലയുടെ ഭാഗമായി നടത്തും. തുടര്‍ന്നുള്ള ആഴ്ചകളില്‍ പൂഞ്ഞാര്‍, കൊഴുവനാല്‍, മുത്തോലി, ഭരണങ്ങാനം, പാതാമ്പുഴ, കൂട്ടിക്കല്‍, കുന്നോന്നി, മേലുകാവ്, തീക്കോയി, മൂന്നിലവ്, തലനാട് എന്നിവിടങ്ങളിലും വിത്തുകുട്ട സംഘടിപ്പിക്കും.
കൈവശമുള്ള പച്ചക്കറികള്‍, ഔഷധങ്ങള്‍, കിഴങ്ങ്-ഫലവര്‍ഗങ്ങള്‍, വൃക്ഷവിളകള്‍ എന്നിവയുടെ വിത്തുകളും തൈകളും മറ്റു നടീല്‍വസ്തുക്കളും വിത്തുകുട്ടകളില് കൊണ്ടുവന്ന് പരസ്പരം പങ്കുവയ്ക്കുന്ന പ്രക്രിയയിലൂടെ ഇതോടകം ആയിരക്കണക്കിന് കൈമാറ്റങ്ങളാണ് നടന്നിട്ടുള്ളത്. ഒട്ടേറെ പ്രമുഖരും വിവിധ പ്രദേശങ്ങളില്‍നിന്നുള്ള കര്‍ഷകരും സാമൂഹികപ്രവര്‍ത്തകരും വിത്തുകുട്ടകളില് ഭാഗഭാക്കായി. പ്രാദേശിക സംഘാടനത്തിന് സന്നദ്ധ സംഘടനകളുടെയും കര്‍ഷകരുടെയും പിന്തുണ തേടുന്നുമുണ്ട് ഭൂമിക. ഫോണ്‍: 9400213141.