ആഗോള ലഹരിവിരുദ്ധ ദിനാചരണം: മാസാചരണ പരിപാടികളോടെ പാലായില്‍ നാളെ തുടക്കം
1570275
Wednesday, June 25, 2025 7:06 AM IST
പാലാ: ആഗോള ലഹരിവിരുദ്ധ ദിനമായ നാളെ പാലാ രൂപത കെസിബിസി മദ്യലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ മാസാചരണ പരിപാടികള്‍ക്ക് പാലായില്‍ തുടക്കം കുറിക്കും.നാളെ രാവിലെ 11.30ന് പാലാ അല്‍ഫോന്‍സ കോളജിലാണ് രൂപതാതല പരിപാടികളുടെ ഉദ്ഘാടനം നടക്കുന്നത്. സമ്മേളനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള അധ്യക്ഷത വഹിക്കും.
ഫ്രാന്‍സിസ് ജോര്‍ജ് എംപി, മാണി സി. കാപ്പന് എംഎല്‍എ, മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. ജേക്കബ് വെള്ളമരുതുങ്കല്, ഫാ. ജോര്‍ജ് പുല്ലുകാലായില്‍, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മിനിമോള്‍ മാത്യു, സാബു ഏബ്രഹാം എന്നിവര്‍ പ്രസംഗിക്കും.
ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ലഹരിവിരുദ്ധ സമ്മേളനങ്ങള്‍, സെമിനാറുകള്‍, കോര്‍ണര്‍ യോഗങ്ങള്‍, തൊഴില്‍ മേഖലകളിലൂടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയുമുള്ള സന്ദേശ-പ്രതിജ്ഞാ പരിപാടികള്‍, ലഘുലേഖകള്‍, ഹ്രസ്വചിത്ര പ്രദര്‍ശനം എന്നിവ നടത്തും.
സമിതിയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ നേതൃത്വം നല്‍കും. രൂപതയിലെ വിവിധ സ്കൂളുകള്‍ ആതിഥേയത്വം വഹിക്കുകയും പരിപാടികള്‍ക്ക് സജീവ പങ്കാളികളാകുകയും ചെയ്യും. കേരള കത്തോലിക്ക സഭയുടെ ആഹ്വാനമനുസരിച്ച് അന്നേദിവസം രൂപതയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും വിവിധ പരിപാടികള്‍ ക്രമീകരിക്കുകയും ചെയ്യും.